2011-ലെ സെന്‍സസ് അനുസരിച്ച് അസമിലെ ജനസംഖ്യയില്‍ 34 ശതമാനത്തിലധികം മുസ്ലീങ്ങളാണെന്നും ഇതില്‍ 31 ശതമാനം പേര്‍ സംസ്ഥാനത്തേക്ക് കുടിയേറിയവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ താമസിക്കുന്ന മൊത്തം മുസ്ലീങ്ങളില്‍ മൂന്ന് ശതമാനം മാത്രമാണ് തദ്ദേശീയരായ ആസാമീസ് മുസ്ലീങ്ങളുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത് തന്റെ അഭിപ്രായമല്ലെന്നും സെന്‍സസ് കണക്കുകള്‍ പ്രകാരമുള്ളതാണെന്നും ബിശ്വ ശര്‍മ്മ ചൂണ്ടിക്കാട്ടി.
കുറച്ചുവര്‍ഷം കൂടി കഴിഞ്ഞാല്‍ അസമിലെ തദ്ദേശീയര്‍ സംസ്ഥാനത്ത് ന്യൂനപക്ഷമായി മാറുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
advertisement
2011-ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം അസമിലെ മൊത്തം ജനസംഖ്യയില്‍ 34.22 ശതമാനം മുസ്ലീങ്ങളാണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യ 3.12 കോടിയാണ്. ഇതില്‍ 1.07 കോടി ആളുകള്‍ മുസ്ലീം മതവിശ്വാസികളാണ്. അസമില്‍ ഹിന്ദു ജനസംഖ്യ 61.47 ശതമാനമാണ്, 1.92 കോടിയാളുകള്‍ ഹിന്ദുമതവിശ്വാസികളാണ്. 2021, 2031, 2041 വര്‍ഷങ്ങളിലെ സെന്‍സസ് എടുത്താല്‍ ഈ അനുപാതം 50:50 ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാസ്റ്റിക്കല്‍ സെന്‍സസ് റിപ്പോര്‍ട്ട് ഞാന്‍ പ്രസ്താവിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.
അസമിലെ ജനസംഖ്യാ വ്യതിയാനങ്ങളെക്കുറിച്ച് ബിജെപി നിരന്തരം ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. 2001-ല്‍ സംസ്ഥാനത്ത് മുസ്ലീം ഭൂരിപക്ഷ ജില്ലകളുടെ എണ്ണം ആറ് ആയിരുന്നു. 2011-ല്‍ 9 ജില്ലകള്‍ മുസ്ലീം ഭൂരിപക്ഷമായി മാറി. നിലവിലിത് 11 എങ്കിലും ആയി വര്‍ദ്ധിച്ചിട്ടുണ്ടാകുമെന്നും ബിജെപി അവകാശപ്പെടുന്നുണ്ട്. അതേസമയം 2021-ലെ സെന്‍സസ് റിപ്പോര്‍ട്ട് ഇപ്പോഴും തയ്യാറായിട്ടില്ല.
2001-ല്‍ 23 ജില്ലകളാണ് അസമില്‍ ഉണ്ടായിരുന്നത്. ഇതില്‍ ധുബ്രി, ഗോള്‍പാറ, ബാര്‍പേട്ട, നാഗോണ്‍, കരിംഗഞ്ച്, ഹൈലകണ്ടി എന്നിവ മുസ്ലീം വിഭാഗത്തിന് ഭൂരിപക്ഷമുള്ളതായിരുന്നു. 2011-ല്‍ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 27 ആയി വര്‍ദ്ധിച്ചു. മുസ്ലീം ഭൂരിപക്ഷമുള്ള ജില്ലകളില്‍ മോറിഗോവ്, ബോംഗൈഗാവ്, ദരാംഗ് എന്നിവ കൂടി ഉള്‍പ്പെട്ടതോടെ എണ്ണം ഒന്‍പതായി.