സംഭാവനയായി ലഭിച്ചതിൽ 25 കിലോഗ്രാം സ്വർണ്ണവും വെള്ളിയും, ചെക്കുകളും, ഡ്രാഫ്റ്റുകളും, പണവും ഉൾപ്പെടുന്നു. അതേസമയം ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുന്ന സംഭാവനകൾ ഇതിൽ കണക്കുകൂട്ടിയിട്ടില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രതിനിധി പ്രകാശ് ഗുപ്ത പറഞ്ഞു. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ആഭരണങ്ങൾ പലതും ക്ഷേത്രത്തിൽ ഉപയോഗിക്കാൻ സാധിക്കില്ലെങ്കിലും ഭഗവാനോടുള്ള ഭക്തിയാൽ അവർ നൽകുന്ന സംഭാവനകൾ ഏതായാലും അത് ക്ഷേത്രത്തിൽ ഇപ്പോൾ സ്വീകരിക്കാറുണ്ടെന്നും ഗുപ്ത പറഞ്ഞു.
വരാനിരിക്കുന്ന രാം നവമി ആഘോഷങ്ങളോടനുബന്ധിച്ച് 50 ലക്ഷം ഭക്തർ ക്ഷേത്രത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി കമ്പ്യൂട്ടറുകൾ ഉൾപ്പെടുത്തിയുള്ള പുതിയ കൗണ്ടറുകൾ തുറന്നിട്ടുണ്ടെന്നും പുതിയ ഭണ്ഡാരങ്ങൾ സ്ഥാപിച്ചതായും ഗുപ്ത വ്യക്തമാക്കി. സംഭാവനകളുടെ കണക്കെടുപ്പ് കൂടുതൽ സുഗമമാക്കാൻ ആധുനിക സൗകര്യങ്ങളുള്ള ഒരു മുറി ഉടനെ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
സ്വർണ്ണവും വെള്ളിയും ഉൾപ്പെടുന്ന ആഭരണങ്ങളെല്ലാം ഉരുക്കുവാനും തുടർ നടപടികൾക്കുമായി കേന്ദ്ര സർക്കാരിലേക്ക് അവ കൈമാറാനും തീരുമാനിച്ചിട്ടുണ്ടെന്നും ഒപ്പം ക്ഷേത്രത്തിന് ലഭിക്കുന്ന ചെക്കുകളും, ഡ്രാഫ്റ്റും, പണവുമെല്ലാം ബാങ്കിൽ നിക്ഷേപിക്കുന്നതിനായി എസ്ബിഐയുമായി ചേർന്ന് ഒരു ധാരണാപത്രത്തിൽ (MoU) ഒപ്പ് വച്ചിട്ടുണ്ടെന്നും ക്ഷേത്ര ട്രസ്‌റ്റിയായ അനിൽ മിശ്ര പറഞ്ഞു. കൂടാതെ സംഭാവനകളുടെ കണക്കെടുപ്പിനായി രണ്ട് ഷിഫ്റ്റുകളിലായി കൂടുതൽ ജീവനക്കാരെ എസ്ബിഐ നിയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
