2008 നവംബർ 26 ന് മുംബൈയിലുണ്ടായ ഭീകരാക്രമണം 164 പേരുടെ ജീവനാണെടുത്തത്. നിരപരാധികളുടെ ചോര കൊണ്ട് മുംബൈയിലെ റോഡുകൾ ചുവന്ന ദിനം. അക്രമികളിലൊരാളായ അജ്മൽ കസബിനെ അയാൾ വളരെ അടുത്ത് കണ്ടു. പത്ത് വർഷങ്ങള്‍ക്കിപ്പുറം ആ സംഭവം ഓർത്തെടുക്കുകയാണ് അയാൾ. ചായ കുടിക്കാൻ പോകാമെന്ന കൂട്ടുകാരന്റെ ആവശ്യം അന്നു താൻ നിരസിച്ചില്ലായിരുന്നുവെങ്കിൽ അടുത്ത ദിവസത്തെ പത്രത്തിലെ മരിച്ചവരുടെ കൂട്ടത്തിൽ തന്റെ പേരും വായിച്ചെടുക്കാമായിരുന്നുവെന്ന് അയാൾ പറയുന്നു..
ഇത് ബിഹാർ സ്വദേശിയായ അവിനാശിന്റെ കഥയാണ്. മരണം മുന്നിൽക്കണ്ട ദിനം അവിനാശ് ഓർത്തെടുക്കുന്നു
advertisement
ഭീകരാക്രമണത്തിന് പത്ത് വയസ് : ഇന്നും നടുക്കം മാറാതെ മുംബൈ
കഴിഞ്ഞ മുപ്പത് വർഷമായി ഛത്രപതി ശിവജി ടെർമിനലിന് മുന്നിൽ പത്രവിൽപ്പന നടത്തുന്നയാളാണ് അവിനാശ്. അന്നത്തെ ആ രാത്രി ഒരു ദുഃസ്വപ്നം പോലെയാണ് അയാൾ ഇപ്പോഴും കരുതുന്നത്. അവിനാശിന്റെ വാക്കുകളിലേക്ക്..
" അന്നും പതിവ് പോലെ ജോലികളൊക്കെ പൂര്‍ത്തിയാക്കി പത്രങ്ങളും മാസികകളുമായി ഏതാണ്ട് 9.30 ഓടെ ഞാൻ സ്റ്റേഷനിലെത്തി. അപ്പോൾ എന്റെ ഒരു സുഹൃത്ത് അയാളോടൊപ്പം ചായ കുടിക്കാനായി ആവശ്യപ്പെട്ടു. പുറത്ത് പോകാതെ അവിടെ തന്നെ നിന്ന് ചായ കുടിക്കാം എന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് അടുത്ത പ്ലാറ്റ്ഫോമിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു. ഇതിനായി വാതിലിനടുത്തേക്ക് നടന്നു"... സംസാരം ഒരു നിമിഷം നിർത്തിയ ശേഷം അവിനാശ് വീണ്ടും തുടർന്നു.
'അവരെ ഞാൻ കൈകാര്യം ചെയ്തോളാം'- സന്ദീപ് ഉണ്ണികൃഷ്ണന്‍റെ അവസാന സന്ദേശം
"സ്റ്റേഷന് പുറത്തെത്തിയപ്പോൾ ബഹളവും ആളുകളുടെ നിലവിളിയും സഹായത്തിനായുള്ള അപേക്ഷകളുമാണ് കേൾക്കാനായത്. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. പെട്ടെന്ന് ആളുകൾ പരിഭ്രമത്തോടെ ഓടുന്ന കാഴ്ചയും വെടിവയ്പ്പിന്റെ ഒച്ചയും കേട്ട് തുടങ്ങി. നൂറുകണക്കിന് ആളുകൾക്കൊപ്പം ഞാനും സ്റ്റേഷന് പുറത്ത് നിന്നു. ആളുകൾ കൺമുന്നിൽ കൊല്ലപ്പെടുന്ന ദൃശ്യങ്ങൾക്ക് സാക്ഷിയായി.. പെട്ടെന്ന് കസബ് എന്റെ മുന്നിലായി വളരെ അടുത്തു കൂടെ കടന്നു പോയി. അടുത്ത പ്രഭാതം കാണാൻ ഞാൻ ഉണ്ടാകില്ലെന്ന് ഒരു നിമിഷം ചിന്തിച്ചു പോയി.. പക്ഷെ കസബ് വളരെ പെട്ടെന്നെ തന്നെ അവിടെ നിന്നു പോയി"
ഇപ്പോഴും അതേസ്ഥലത്ത് പഴയ പോലെ പത്ര വിൽപ്പന തുടരുകയാണ് അവിനാശ്.. ബീഹാറിലേക്ക് തിരികെ പോകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല എന്നാലും മരണത്തെ വളരെ അടുത്ത് കണ്ടുവെന്ന ബോധം ഇപ്പോഴും അവിനാശിനുണ്ട്. ആ ദിവസം ചായക്കായി അവിടെ നിന്നിരുന്നുവെങ്കിൽ കസബിന്റെ കൈ കൊണ്ട് താനും കൊല്ലപ്പെടുമായിരുന്നു. അന്ന് ചായ കുടിക്കാനായി ക്ഷണിച്ച സുഹൃത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടു. സ്റ്റേഷനിൽ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് വീട്ടിൽ വിളിച്ച് വിവരങ്ങൾ നൽകുകയായിരുന്ന സുഹൃത്ത് കസബിന്റെ കണ്ണിൽപെട്ടതിനെ തുടര്‍ന്ന് വെടിയുതിർക്കുകയായിരുന്നു. തന്റെ സുഹൃത്തിന് എന്നന്നേക്കുമായി നഷ്ടപ്പെട്ടു.. അവിനാശ് പറഞ്ഞു നിർത്തി.