കുടിവെള്ള സാമ്പിളുകളില്‍ സാധാരണയായി ഓടയിലെ വെള്ളത്തില്‍ കാണപ്പെടുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായി പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടുകളില്‍ സ്ഥിരീകരിച്ചു. മലിനമായ കുടിവെള്ളമാണ് പ്രദേശത്ത് ഛര്‍ദ്ദിയും വയറിളക്കവും പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്ന് ലാബോറട്ടറി പരിശോധനകളില്‍ വ്യക്തമാക്കുന്നു.
പരിശോധനകളില്‍ വിബ്രിയോ കോളറ, ഷിഗെല്ല, ഇ.കോളി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ബാക്ടീരിയകള്‍ പലപ്പോഴും കടുത്ത വയറിളക്കവും ഛര്‍ദിയും പോലെയുള്ള ദഹനവ്യവസ്ഥയെ ബാധിക്കുന്ന അണുബാധകള്‍ക്ക് കാരണമാകാറുണ്ട്.
എട്ടുവര്‍ഷമായി ഇന്ത്യയില്‍ ശുചിത്വ റാങ്കിംഗില്‍ ഒന്നാംസ്ഥാനത്താണ് ഇന്‍ഡോര്‍ നഗരം. നഗരത്തിലെ ജലസുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയാണ് ഭഗീരത്പുരയില്‍ നിന്ന് പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തത്.
advertisement
വയറിളക്കത്തിന് കാരണം മലിനമായ വെള്ളം
ഒരു മെഡിക്കല്‍ കോളേജിലെ ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ മലിനമായ കുടിവെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്ന് സ്ഥിരീകരിച്ചതായി ഇന്‍ഡോറിലെ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. മാധവ് പ്രസാദ് ഹസാനി പറഞ്ഞു.
ഡിസംബര്‍ 25നാണ് കുടിവെള്ളത്തിന് ദുര്‍ഗന്ധമുണ്ടെന്ന് താമസക്കാര്‍ ആദ്യമായി പരാതി ഉന്നയിച്ചത്. പ്രശ്‌നം വഷളാകുന്നതിന് മുമ്പ് ആഴ്ചകളോളം പ്രശ്‌നം നിലനിന്നിരുന്നതായി ചില പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തുനിന്ന് 14 മരണങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അതില്‍ 9 മരണങ്ങള്‍ മലിനമായ കുടിവെള്ളത്തില്‍ നിന്നുള്ള വയറിളക്കവുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്നും മറ്റുള്ളവ അനുബന്ധരോഗങ്ങളോ ബന്ധമില്ലാത്ത മറ്റ് കാരണങ്ങളോ മൂലമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം, കൂടുതല്‍ പേര്‍ക്ക് വയറിളക്കവും ഛര്‍ദിയും അനുബന്ധ പ്രശ്‌നങ്ങളും പ്രദേശത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതുവരെ 2400ലധികം പേര്‍ ചികിത്സ തേടിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ 1714 വീടുകളില്‍ പരിശോധന നടത്തി. 8571 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. അവരില്‍ നേരിയ രോഗലക്ഷണങ്ങളുള്ള 338 പേരെ വീട്ടില്‍ ചികിത്സിച്ചു.
272 പേരെയാണ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്. അതില്‍ 71 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 201 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഇതില്‍ 32 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
മരണങ്ങളില്‍ ദേശീയ മനുഷ്യാവാശ കമ്മിഷന്‍ (എന്‍എച്ച്ആര്‍സി) സ്വമേധയാ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചു. കുടിവെള്ളം മലിനമാണെന്ന് കാട്ടി താമസക്കാര്‍ ദിവസങ്ങളോളം പരാതിപ്പെട്ടിട്ടും പരിഹാര നടപടികളൊന്നും സ്വീകരിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
