ലോഞ്ചിൻ്റെ പ്രാധാന്യം
മുൻകൂട്ടി നിശ്ചയിച്ച പരിധിയിലാണ് മിസൈൽ പരീക്ഷിച്ചത് എന്നാണ് സേന അറിയിച്ചിട്ടുള്ളത്. അന്തർവാഹിനിയിൽ നിന്ന് തൊടുത്ത മിസൈൽ വളരെ ഉയർന്ന കൃത്യതയോടെ ബംഗാൾ ഉൾക്കടലിലെ ലക്ഷ്യത്തിൽ പതിക്കുകയും ചെയ്തു. ആയുധത്തിൻ്റെ പ്രവർത്തനം സംബന്ധിച്ചതും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതുമായ എല്ലാ മാനദണ്ഡങ്ങളും കൃത്യമാണെന്ന് ഉറപ്പു വരുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആയുധം ആദ്യം ഉപയോഗിക്കില്ലെങ്കിൽ പോലും, വിശ്വസ്തമായ രീതിയിൽ ഏറ്റവും കുറഞ്ഞ രീതിയിൽ പ്രതിരോധം സാധ്യമാക്കണം എന്ന രാജ്യത്തിൻ്റെ പ്രഖ്യാപിത നയം പാലിക്കുന്ന വിധത്തിൽ, ശക്തവും അതിജീവന ശേഷിയുള്ളതും ഉറപ്പുള്ളതുമായ പ്രതിരോധ സംവിധാനമാണിത് എന്നാണ് പ്രതിരോധ മന്ത്രാലയം ഈ പരീക്ഷണത്തെ വിശേഷിപ്പിച്ചത്.
advertisement
സേനയുടെ ശക്തി തെളിയിക്കുന്നതാണ് പരീക്ഷണമെന്നും ഐഎൻഎസ് അരിഹന്തിൽ നിന്ന് എസ്എൽബിഎമ്മിൻ്റെ വിജയകരമായ യൂസർ ട്രെയിനിംഗ് ലോഞ്ച് നടത്തിയത് ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷിയുടെ കരുത്തു തെളിയിക്കുന്നതാണെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.
ഐഎൻഎസ് അരിഹന്ത്
2009-ൽ ലോഞ്ച് ചെയ്ത ഐഎൻഎസ് അരിഹന്ത് ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച ആണവ അന്തർവാഹിനിയാണ്. 2016-ലാണ് ഈ അന്തർവാഹിനി കമ്മീഷൻ ചെയ്തത്. വിശാഖപട്ടണത്തെ കപ്പൽ നിർമ്മാണ ശാലയിൽ അഡ്വാൻസ്ഡ് ടെക്നോളജി വെസൽ (എടിവി) പ്രൊജക്ടിന് കീഴിലാണ് എസ്2 സ്ട്രാറ്റജിക് സ്ട്രൈക്ക് ന്യൂക്ലിയർ അന്തർവാഹിനിയായി നിയോഗിച്ചിട്ടുള്ള ഐഎൻഎസ് അരിഹന്ത് നിർമ്മിച്ചത്. 2018ൽ ഐഎൻഎസ് അരിഹന്ത് നാവികവ്യൂഹത്തിന്റെ ഭാഗമായി.
ഹ്രസ്വ ദൂര കെ-15 മിസൈലാണ് അന്തർവാഹിനിയിൽ ഉള്ളത്. 3500 കിലോമീറ്റർ ദൂരപരിധിയുള്ള കെ-4 എസ്എൽബിഎമ്മിൻ്റെ വികസിപ്പിക്കൽ പരീക്ഷണങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും ഇത് പൂർണ്ണമായും സേനയുടെ ഭാഗമായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
ആദ്യം ആയുധം പ്രയോഗിക്കില്ല എന്ന നയം
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നിവയുൾപ്പെടെ ആണവ അന്തർവാഹിനി സ്വന്തമായുള്ള ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ആണവ ആയുധങ്ങൾ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യണം എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്. എന്നാൽ, 1998-ൽ ഇന്ത്യ പൊഖ്റാനിൽ ആണവ പരീക്ഷണം നടത്തി. 2003-ൽ രാജ്യം പ്രഖ്യാപിച്ച ആണവ നയപ്രകാരം ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്നതാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യ ആണവ പരീക്ഷണം നടത്തിയതിന് ശേഷം പാക്കിസ്ഥാനും ആണവ ശേഷി കൈവരിച്ചിരുന്നു.
