ഡിസംബര്‍ 13-നാണ് മെസ്സി സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താത്തതിനാല്‍ തിക്കുംതിരക്കും കാരണം പരിപാടി അലങ്കോലമാകുകയായിരുന്നു. ഇതോടെ നിശ്ചയിച്ചതിനേക്കാള്‍ വേഗത്തില്‍ മെസ്സി മടങ്ങി.
സംഭവത്തെ തുടര്‍ന്ന് ഡിജിപി രാജീവ് കുമാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ബിധാന്‍നഗര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അനീഷ് സര്‍കാറിനെ സസ്‌പെന്‍ഡ് ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്.
advertisement
മെസ്സിയുടെ പശ്ചിമബംഗാള്‍ പര്യടനത്തിന്റെ സ്വകാര്യ സംഘാടകരായ സതാദ്രു ദത്തയെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്തിരുന്നു. ഡിസംബര്‍ 14-ന് നോര്‍ത്ത് പര്‍ഗാനാസ് ജില്ലാ കോടതി അദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
മെസ്സിയുടെ സന്ദര്‍ശന സമയത്ത് സ്‌റ്റേഡിയത്തിലെ പരിപാടികളില്‍ തെറ്റായ നടത്തിപ്പും വീഴ്ചയും സംഭവിച്ചത് എന്തുകൊണ്ടാണെന്നും സുഗമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ സ്വകാര്യ സംഘാടകര്‍ ഉള്‍പ്പെടെയുള്ള പങ്കാളികളുമായി ശരിയായ ഏകോപനം നടത്താത്തത് എന്തുകൊണ്ടാണെന്നും ഡിജിപി വ്യക്തമാക്കണമെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പരിപാടി നടന്ന ദിവസം തന്റെ ചുമതലകളിലും ഉത്തരവാദിത്തങ്ങളിലും ഡിസിപി അനീഷ് സര്‍കാര്‍ കാണിച്ച അശ്രദ്ധയ്ക്ക് അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടികള്‍ ആരംഭിച്ചതായും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. ബിധാന്‍നഗര്‍ പോലീസ് കമ്മീഷണര്‍ മുകേഷ് കുമാറിനോടും കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയോടും സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
സാള്‍ട്ട് ലേക്ക് സ്റ്റേഡിയം സിഇഒ ദേബ്കുമാര്‍ നന്ദനെയും നീക്കം ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല അന്വേഷണ സമിതിയെ മുഖ്യമന്ത്രി മമത ബാനര്‍ജി നിയോഗിച്ചിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി അസിം കുമാര്‍ റോയ് അധ്യക്ഷനായ മൂന്നംഗ അന്വേഷണ സമിതി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ചീഫ് സെക്രട്ടറി മനോജ് പന്ത്, ആഭ്യന്തര സെക്രട്ടറി നന്ദിനി ചക്രവര്‍ത്തി എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങള്‍.
ഈ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിന് ഒരു പ്രത്യേക അന്വേഷണ സംഘത്തെയും (എസ്‌ഐടി) സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ഡയറക്ടര്‍ പീയുഷ് പാണ്ഡെ ഉള്‍പ്പെടെ നാല് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാരാണ് ഈ ടീമിലുള്ളത്.
പരിപാടി അലങ്കോലമായതിലുള്ള പോലീസിന്റെ പങ്കിനെ കുറിച്ചും എസ്‌ഐടി അന്വേഷിക്കും. സ്റ്റേഡിയത്തിനുള്ളില്‍ വാട്ടര്‍ ബോട്ടിലുകള്‍ വിറ്റതടക്കമുള്ള കാര്യങ്ങളെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി മനോജ് പന്ത് അറിയിച്ചു. നിയമലംഘനത്തിന്റെ ഉത്തരവാദിത്തം ഡ്യൂട്ടിയില്‍ ആയിരുന്നവര്‍ക്കാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി അസിം കുമാര്‍ റോയ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംഭവത്തില്‍ ബിജെപി തൃണമൂല്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. അച്ചടക്ക നടപടികള്‍ കണ്ണില്‍പൊടിയിടാനുള്ള തന്ത്രമാണെന്നും ബിജെപി പറഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസുകളും കായിക മന്ത്രിയുടെ രാജിയുമെല്ലാം കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങളാണ്. ചടങ്ങില്‍ പങ്കെടുത്ത ബിശ്വാസിനെയും മന്ത്രി സുജിത് ബോസിനെയും അറസ്റ്റ് ചെയ്യണമെന്നും ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
50,000ത്തോളം ആളുകളാണ് അന്നത്തെ ദിവസം സ്‌റ്റേഡിയത്തില്‍ എത്തിയത്. ഇതില്‍ ഭൂരിഭാഗം പേരും 4,500 രൂപയ്ക്കും 18,000 രൂപയ്ക്കുമിടയില്‍ വില നല്‍കി ടിക്കറ്റ് വാങ്ങിയവരാണ്. മെസ്സിയുടെ ഗോട്ട് പര്യടനത്തിന്റെ ഭാഗമായുള്ള സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു. എന്നാല്‍ പരിപാടി അലങ്കോലമായതോടെ വെറും 22 മിനുറ്റ് മാത്രമാണ് അദ്ദേഹം സ്‌റ്റേഡിയത്തില്‍ നിന്നത്.
മെസ്സിയും സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും രാവിലെ 11.30 ഓടെ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ഏകദേശം 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ പരിപാടി അലങ്കോലമാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മിനിറ്റുകള്‍ക്കുള്ളില്‍ രാഷ്ട്രീയക്കാരും പോലീസും വിഐപികളും അവരുടെ പരിചാരകരും മെസ്സിയെ വളഞ്ഞു. അവര്‍ ഒരു മതില്‍ പോലെ രൂപപ്പെട്ടു. കാണികള്‍ക്ക് അവര്‍ കാണാന്‍ വന്ന മനുഷ്യനെ ഒഴികെ മറ്റെല്ലാം കാണാന്‍ കഴിഞ്ഞു. ഇതോടെ 'ഞങ്ങള്‍ക്ക് മെസ്സിയെ കാണണം' എന്ന് ആരാധകര്‍ സ്റ്റാന്‍ഡുകളില്‍ നിന്ന് ഭ്രാന്തമായി വിളിച്ചുപറഞ്ഞു. ഇതോടെ പരിപാടി അക്രമാസക്തമായി.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മമത ബാനര്‍ജി ക്ഷമാപണം നടത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
