''ഭീകരരാല്‍ കൊല്ലപ്പെട്ട മിഡ്‌നാപ്പൂരിലെ മൂന്ന് ജില്ലാ മജിസ്‌ട്രേറ്റുമാരുടെ പേര് പറയുക'' എന്നതായിരുന്നു ചോദ്യം. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ ബ്രിട്ടീഷ് കൊളോണിയന്‍ ഭരണത്തിനെതിരായ സായുധ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന അവിഭക്ത മിഡ്‌നാപൂരിന് വളരെയധികം ചരിത്രപ്രധാന്യമുണ്ട്. പിന്നാലെ ചോദ്യപേപ്പറിലെ പരാമർശത്തിനെതിരേ പ്രതിഷേധം ആളിക്കത്തി.
ജെയിംസ് പെഡ്ഡി, റോബര്‍ട്ട് ഡഗ്ലസ്, ബെര്‍ണാഡ് ഇജെ ബര്‍ഗ് എന്നിവരാണ് ചോദ്യത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ബ്രിട്ടീഷ് മജിസ്‌ട്രേറ്റുമാര്‍. സ്വാതന്ത്ര്യസമര സേനാനികളായ ബിമല്‍ദാസ് ഗുപ്ത, ജ്യോതി ജിബാന്‍ ഘോഷ്, പ്രത്യോദ് ഭട്ടാചാര്യ, പ്രബാന്‍ഷു പാല്‍ എന്നീ സ്വാതന്ത്ര്യ സമരസേനാനികളെയാണ് തീവ്രവാദികളെന്ന് ചോദ്യപേപ്പറിൽ പരാമര്‍ശിച്ചത്.
advertisement
വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയത് ആരാണെന്ന് കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവിന് ബിജെപി പരാതി നല്‍കി. ചോദ്യം തയ്യാറാക്കയതിനെ അപലപിച്ചും രാജ്യത്തിന്റെ സ്വാതന്ത്ര്യസമര സേനാനികളെ ബഹുമാനിക്കണമെന്നും ആവശ്യപ്പെട്ട് അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും പ്രതിഷേധ റാലികള്‍ നടത്തി.
അതേസമയം, പിശകുസംഭവിച്ചതില്‍ സര്‍വകലാശാല അധികൃതര്‍ ക്ഷമാപണം നടത്തി. അച്ചടിപിശകാണെന്ന് അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
വിദ്യാസാഗര്‍ സര്‍വകലാശാല രജിസ്ട്രാല്‍ ജെ കെ നന്തി ചോദ്യപേപ്പർ തയ്യാറാക്കിയതിൽ തെറ്റ് പറ്റിയതായി സമ്മതിച്ചു. അച്ചടിപിശകാണിതെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പറില്‍ പിശക് എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കാന്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഇത്തരം തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ പിശക് സംഭവിച്ചതില്‍ വൈസ് ചാന്‍സലര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പരീക്ഷാ കണ്‍ട്രോളറോട് നിര്‍ദേശിച്ചു.
ചരിത്രത്തെ വളച്ചൊടിച്ചതില്‍ ദേശീയ തലത്തില്‍ ബിജെപിയും സംസ്ഥാനതലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഉത്തരവാദികളാണെന്ന് സിപിഐഎം ആരോപിച്ചു. ബംഗാളിലെ ബിജെപി നേതൃത്വം മമത ബാനര്‍ജിക്കെതിരേ രംഗത്തെത്തി. സംഭവത്തെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ച ബിജെപി പശ്ചിമബംഗാളില്‍ ഇന്ത്യന്‍ ദേശീയ എന്ന ആശയം തന്നെ അപമാനിക്കപ്പെടുകയാണെന്നും പറഞ്ഞു.
''സ്വാതന്ത്രസമരസേനാനികള്‍ ബംഗാളില്‍ ഇപ്പോള്‍ ഭീകരവാദികളാണെന്ന്'' ബംഗാള്‍ ബിജെപി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ആരോപിച്ചു.
ഒരുകാലത്ത് ബൗദ്ധികതയുടെയും ദേശീയതയുടെയും കളിത്തൊട്ടിലായിരുന്നു ബംഗാള്‍. എന്നാല്‍ ഇന്ന് മമത ബാനര്‍ജിയുടെ സര്‍ക്കാരിന് കീഴില്‍ ഇന്ത്യന്‍ ദേശീയത എന്ന ആശയം തന്നെ അപമാനിക്കപ്പെടുകയും സ്വാതന്ത്ര്യസമര സേനാനികളെ കുറ്റവാളികളുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു,'' പോസ്റ്റ് കൂട്ടിച്ചേര്‍ത്തു. യുവ മനസ്സുകളെ വിഷലിപ്തമാക്കുന്നതിന് ചരിത്രത്തെ മനഃപൂര്‍വം മാറ്റിയെഴുതുകയാണെന്നും ബിജെപി ആരോപിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിദ്യാഭ്യാസ വിദഗ്ധനും സാമൂഹിക പരിഷ്‌കര്‍ത്താവും മനുഷ്യസ്‌നേഹിയുമായിരുന്ന ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പേരിലാണ് ഈ സര്‍വകലാശാല അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളാണ് ഇന്ത്യയില്‍ വിധവകള്‍ക്ക് പുനര്‍വിവാഹം അംഗീകരിച്ച് നല്‍കിയത്.