ഇന്ന് രാവിലെ ചേർന്ന എംഎൽഎമാരുടെ യോഗത്തിനുശേഷമാണ് നിതീഷ് കുമാർ രാജിവെച്ചത്. ബിഹാറിലെ പുതിയ സംഭവവികാസങ്ങൾ ബിജെപിക്ക് വലിയ രീതിയിലുള്ള രാഷ്ട്രീയ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് ആസന്നമായതോടെ ബിഹാറിൽ ശക്തമായ മുന്നേറ്റം നടത്താൻ എൻഡിഎയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം നിതീഷിന്റ തിരിച്ചു വരവിന് ബിജെപി ദേശീയ നേതൃത്വം മുൻ കൈയ്യെടുത്ത് പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ജെഡിയുവിലെ ഒരു വിഭാഗത്തിന് മഹാസഖ്യം വിടാൻ താത്പര്യമില്ലാതിരുന്നതാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയത്. 12 ലധികം എംഎൽഎമാർ ഇന്നലെ ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ആർജെഡി മന്ത്രിമാരെ പുറത്താക്കി, ആർജെഡി അംഗമായ സ്പീക്കർ അവദ് ബീഹാറി ചൗധരിക്കെതിരെ അവിശ്വാസം കൊണ്ടുവരാമെന്ന നിർദേശവും ജെഡിയു മുന്നോട്ടുവെച്ചിരുന്നു.
advertisement
ബിജെപിയുടെ പിന്തുണക്കത്ത് ഇതിനകം തന്നെ നിതീഷ് കുമാറിനും ജെഡിയു നേതൃത്വത്തിനും കൈമാറിയിരുന്നു. സുശീൽ കുമാർ മോദിയെ ഉപമുഖ്യമന്ത്രിയാക്കണം എന്ന ഉപാധി നിതീഷ് ബിജെപിക്ക് മുന്നിൽ വച്ചിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ഇന്ന് പട്നയിലെത്തുന്നുണ്ട്. ഇന്നലെ വൈകിട്ട് വിവിധ പാർട്ടികൾ യോഗങ്ങൾ പാട്നയിൽ ചേർന്നു. ലോക് ജൻശക്തി പാർട്ടി- പാസ്വാൻ വിഭാഗം നേതാവ് ചിരാഗ് പാസ്വാൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബിഹാർ ബിജെപിയുടെ കോർ കമ്മിറ്റിയും ഇന്നലെ അടിയന്തരമായി ചേർന്നിരുന്നു.