ഒക്ടോബർ 6-ന് നിലവിൽ വന്ന മാതൃകാ പെരുമാറ്റച്ചട്ടം നവംബർ 16 വരെ പട്‌ന ജില്ലയിൽ തുടരും. മാതൃകാ പെരുമാറ്റച്ചട്ടം അവസാനിക്കുന്നതുവരെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023-ലെ സെക്ഷൻ 163 പ്രകാരം പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ജില്ലയിൽ എല്ലാത്തരം വിജയാഘോഷങ്ങൾക്കും സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. രാഷ്ട്രീയപരമായ ലക്ഷ്യങ്ങളോടെയുള്ള യോഗങ്ങൾ, പ്രകടനങ്ങൾ, ധർണകൾ എന്നിവ പൂർണ്ണമായും നിരോധിച്ചു.
ക്രമസമാധാനം നിലനിർത്തുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്‌ട്രേട്ടും വ്യക്തമാക്കി. പെരുമാറ്റച്ചട്ട ലംഘനം വെച്ചുപൊറുപ്പിക്കില്ല. ക്രമസമാധാന പാലനം നിരീക്ഷിക്കാൻ സബ് ഡിവിഷണൽ ഓഫീസർമാർക്കും സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
advertisement
രാജ്യം ആകാംഷയോടെ ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചു. ആദ്യഫലസൂചനകൾ 10 മണിയോടെ വ്യക്തമാകും. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം സംസ്ഥാനത്ത് എൻഡിഎ (NDA) വലിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്നാണ് പ്രവചിക്കുന്നത്. ശ്രദ്ധേയമായ കാര്യം, ഒരു സർവേയും പ്രതിപക്ഷ മഹാസഖ്യത്തിന് കേവലഭൂരിപക്ഷം പ്രവചിച്ചിട്ടില്ല എന്നതാണ്.
