ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റായി ബിഹാർ മന്ത്രി നിധിൻ നബിനെ നിയമിച്ചു. നിലവിലെ ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്ക്ക് പകരമാണ് 45കാരനായ നിധിൻ നബിൻ ബിജെപി ദേശീയ അധ്യക്ഷ പദവിയിലെത്തുന്നത്. ബീഹാറിലെ പട്‌നയിലെ ബങ്കിപൂരിൽ നിന്നുള്ള എംഎൽഎയായ നിധിൻ നിലവിൽ സംസ്ഥാനത്തെ പിഡബ്ല്യുഡി മന്ത്രിയാണ്.
advertisement
ബിജെപി വർക്കിംഗ് പ്രസിഡന്റായി നിയമിതനായ നബിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.സമ്പന്നമായ സംഘടനാ പരിചയവും ബിഹാറിൽ എംഎൽഎയും മന്ത്രിയും എന്ന നിലയിൽ നിരവധി തവണ മികച്ച റെക്കോർഡുമുള്ള കഠിനാധ്വാനിയും ചെറുപ്പക്കാരനുമായ നേതാവ് എന്നാണ് മോദി നിധിനെ വിശേഷിപ്പിച്ചത്
ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി നിധിൻ ഉത്സാഹത്തോടെ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഊർജ്ജവും സമർപ്പണവും വരും കാലങ്ങളിൽ ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി മോദി എക്‌സിൽ എഴുതി.
അന്തരിച്ച ബിജെപി നേതാവ് നബിൻ കിഷോർ സിൻഹയുടെ മകനായ നിതിൻ നബിൻ എബിവിപിയിലൂടെയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. പിന്നീട് പട്നയിലെ ബിജെപിയിൽ ശക്തമായ ഒരു അടിത്തറ കെട്ടിപ്പടുത്തു.
2000-ത്തിന്റെ അവസാനത്തിൽ അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 2010ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം. അതിനുശേഷം, ബങ്കിപൂരിൽ നിന്ന് തുടർച്ചയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട നിധിൻ, നഗര-അടിസ്ഥാന സൗകര്യ വികസനത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
പങ്കജ് ചൗധരിയെ യുപി സംസ്ഥാന പ്രസിഡന്റായി ബിജെപി തിരഞ്ഞെടുത്ത അതേദിവസം തന്നെയാണ് നബിനെ ദേശീയ അധ്യക്ഷനായും പ്രഖ്യാപിച്ചത്.
യുവമോർച്ചയുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രവർത്തിച്ചിട്ടുള്ള നബിന്, സമീപകാലത്ത് നിരവധി തെരഞ്ഞെടുപ്പ് ചുമതലകൾ നൽകിയിട്ടുണ്ട്, അതിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ഛത്തീസ്ഗഢ് ഉൾപ്പെടും. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമാരിൽ ഒരാളാണ് നിധിൻ നിബിൻ.
