ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി കൗൺസിലർ ഒടുവിൽ ക്ഷമാപണവുമായി രംഗത്ത്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറായ പട്പർഗഞ്ചിൽ നിന്നുള്ള രേണു ചൗധരിയാണ് നിരവധി കോണുകളിൽ നിന്ന് വിമർശനം ഉയർന്നതോടെ ക്ഷമാപണം നടത്തിയത്. തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും തന്റെ ഭാഷ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ രേണു ചൗധരി പറഞ്ഞു.
advertisement
മയൂർ വിഹാർ ഫേസ് ഒന്നിലെ ഒരു പാർക്കിൽ വെച്ചായിരുന്നു സംഭവം. പാർക്കിൽ കുട്ടികളെ ഫുട്ബോൾ പരിശീലിപ്പിക്കുകയായിരുന്ന ആഫ്രിക്കൻ വംശജനായ കോച്ചിനോടാണ് രേണു ചൗധരി കയർത്തത്. ഇന്ത്യയിൽ താമസിച്ചിട്ടും വിദേശ പൗരൻ ഹിന്ദി പഠിക്കാത്തത് എന്തുകൊണ്ടെന്നും ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നുമായിരുന്നു ഭീഷണി. രേണു ചൗധരി ഫുട്ബോൾ പരിശീലകനെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രേണു ചൌധരി തന്റെ സോഷ്യൽ മീഡിയ അക്കൌണ്ടിലും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ നിരവധി കോണുകളിൽ നിന്ന് ബിജെപി കൗൺസിലർക്ക് വിമർശനം നേരിട്ടതോടെയാണ് ക്ഷമാപണവുമായി രംഗത്തെത്തിയത്. രേണു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് യഥാർത്ഥ വീഡിയോ നീക്കം ചെയ്യുകയും പിന്നീട് ഡിസംബർ 23ന് ക്ഷമാപണം നടത്തുന്ന രണ്ട് പുതിയ വീഡിയോകൾ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രദേശവാസികളിൽ നിന്ന് പരാതികൾ ലഭിച്ചതിനെത്തുടർന്ന് ഒരു ജനപ്രതിനിധി എന്ന നിലയിൽ താൻ പാർക്ക് സന്ദർശിച്ചതാണെന്നും തന്റെ കടമ നിറവേറ്റുക മാത്രമാണ് താൻ ചെയ്തതെന്നും രേണു ചൗധരി വീഡിയോയിൽ വിശദീകരിച്ചു. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, അതിന് താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു.
രേണു ചൗധരിയുടെ വീഡിയോ കണ്ടതായും കൗൺസിലർ ഉപയോഗിച്ച ഭാഷ അനുചിതമാണെന്ന് തോന്നിയതായും വിവാദത്തോട് പ്രതികരിച്ച് ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
