ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ എംഎല്‍എമാര്‍ തയ്യാറാണെന്ന വാദവുമായി ബിജെപി രംഗത്തെത്തിയത്. രാജ്ഭവനില്‍ ഗവര്‍ണറുമായി നടന്ന കൂടിക്കാഴ്ചയിലാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സന്നദ്ധത എംഎല്‍എമാര്‍ അറിയിച്ചത്. ജനങ്ങളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നാണ് എംഎൽഎമാരുടെ പ്രതീക്ഷ.
ജനങ്ങളുടെ ആഗ്രഹ പ്രകാരം സര്‍ക്കാര്‍ രൂപീകരിക്കാന്‍ 44 എംഎല്‍എമാര്‍ തയ്യാറാണെന്നും ഇക്കാര്യം ഗവര്‍ണറെ അറിയിച്ചതായും രാധേശ്യാം സിംഗ് പറഞ്ഞു. കൂടാതെ നിലവില്‍ സംസ്ഥാനത്തുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യമായ പരിഹാരങ്ങളെ കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഗവര്‍ണര്‍ എംഎല്‍എമാരുടെ വാദം അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ മികച്ച താല്‍പ്പര്യങ്ങള്‍ക്കായി നടപടികള്‍ ആരംഭിക്കുമെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
advertisement
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സന്നദ്ധത തോക്‌ചോം രാധേശ്യം സിംഗ് സ്ഥിരീകരിച്ചെങ്കിലും, ഔദ്യോഗികമായി അവകാശവാദം ഉന്നയിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റേതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നിരുന്നാലും തങ്ങള്‍ തയ്യാറാണെന്ന് അറിയിക്കുന്നത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുന്നതിന് സമാനമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. സ്പീക്കര്‍ സത്യബ്രത 44 എംഎല്‍എമാരുമായി വ്യക്തിപരമായും സംയുക്തമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എതിര്‍പ്പില്ലെന്നും അദ്ദേഹം വിശദമാക്കി.
ബിജെപി നേതാവ് എന്‍ ബിരേന്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി മുതല്‍ മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലാണ്. 2023 മേയില്‍ പൊട്ടിപ്പുറപ്പെട്ട മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ രാജി. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബിജെപി സര്‍ക്കാരിന് നേരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് ബിരേന്‍ സിംഗ് രാജി പ്രഖ്യാപിച്ചത്. മൂന്ന് മാസമായി തുടരുന്ന രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്.
60 അംഗ നിയമസഭയുടെ നിലവിലെ ശക്തി 59 എംഎല്‍എമാരാണ്. ഒരു നിയമസഭാംഗത്തിന്റെ മരണത്തെത്തുടര്‍ന്ന് ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് അവകാശപ്പെടുന്ന സഖ്യത്തില്‍ 32 മെയ്തി എംഎല്‍എമാരും മൂന്ന് മണിപ്പൂരി മുസ്ലീം എംഎല്‍എമാരും ഒൻപത് നാഗ എംഎല്‍എമാരുമുണ്ട്. ഇങ്ങനെ ആകെ 44 പേര്‍. കോണ്‍ഗ്രസിന് അഞ്ച് എംഎല്‍എമാരുണ്ട്. എല്ലാവരും മെയ്തിമാര്‍. ശേഷിക്കുന്ന 10 എംഎല്‍എമാര്‍ കുക്കികളാണ്. ഏഴ് പേര്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ചു. രണ്ട് പേര്‍ കുക്കി പീപ്പിള്‍സ് അലയന്‍സില്‍ നിന്നുള്ളവരും ഒരാള്‍ സ്വതന്ത്ര എംഎല്‍എയുമാണ്.