മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സൗരഭ് ജോഷിക്ക് 18 വോട്ടുകളും എഎപിയുടെ യോഗേഷ് ധിംഗ്രയ്ക്ക് 11 വോട്ടുകളും കോൺഗ്രസിന്റെ ഗുർപ്രീത് സിംഗ് ഗാബിക്ക് ഏഴ് വോട്ടുകളും ലഭിച്ചു. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ എഎപി വിമതനായി മത്സരിച്ചിരുന്ന രാമചന്ദ്ര യാദവ് മേയർ തെരഞ്ഞെടുപ്പിൽ എഎപിക്ക് വോട്ട് ചെയ്തത് ശ്രദ്ധേയമായി. സീനിയർ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ ജസ്മൻപ്രീത് സിംഗ് വിജയിച്ചു. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ സുമൻ ദേവിയും വിജയിച്ചു.
മേയർ സ്ഥാനത്തേക്ക് ബിജെപി സൗരഭ് ജോഷിയെ നാമനിർദ്ദേശം ചെയ്തപ്പോൾ, കോൺഗ്രസ് ഗുർപ്രീത് സിംഗ് ഗാബിയെയും എഎപി യോഗേഷ് ദിംഗ്രയെയും മത്സരരംഗത്തിറക്കി. കോൺഗ്രസ്-എഎപി സഖ്യം ഉയർത്തിയ വെല്ലുവിളികൾക്കിടയിലും ചണ്ഡീഗഢ് മുൻസിപ്പൽ കോർപ്പറേഷനിൽ ബിജെപി തങ്ങളുടെ ആധിപത്യം നിലനിർത്തി. കോർപ്പറേഷനിൽ ബിജെപിക്ക് 18 കൗൺസിലർമാരും എഎപിക്ക് 11 പേരും കോൺഗ്രസിന് 7 പേരുമാണുള്ളത്.കോൺഗ്രസിന്റെ വോട്ടുകളിൽ ചണ്ഡീഗഡ് എംപി മനീഷ് തിവാരിയുടെ വോട്ടും ഉൾപ്പെടുന്നു. ഇതോടെ ബിജെപി പക്ഷത്തും കോൺഗ്രസ്-എഎപി സഖ്യത്തിന്റെ പക്ഷത്തും 18 വോട്ടുകൾ വീതം തുല്യമായി വരാനുള്ള സാഹചര്യമുണ്ടായിരുന്നു.
advertisement
എന്നാൽ ഇത്തവണ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുകയും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുകയും ചെയ്തതോടെ സഖ്യം തകരുകയും ഇത് ബിജെപിക്ക് ഗുണകരമാവുകയും ചെയ്തു. വോട്ടുകൾ തുല്യമായി വന്ന സാഹചര്യത്തിൽ കൈകൾ ഉയർത്തിക്കാട്ടിയുള്ള വോട്ടെടുപ്പാണ് നടന്നത്. ഇതിൽ ജോഷിക്ക് അനുകൂലമായി 18 വോട്ടുകൾ ലഭിച്ചു.
കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി വിനോദ് ധാവടെയ്ക്കായിരുന്നു ചണ്ഡീഗഡിലെയും തിരഞ്ഞെടുപ്പ് ചുമതല.
