ലോക്സഭയിലെ ശൂന്യവേളയിലാണ് ദുബെ ഇക്കാര്യം ആവശ്യപ്പെട്ടത്. ജാര്‍ഖണ്ഡിലെ സന്താള്‍ പര്‍ഗാനയിലെ ആദിവാസികളുടെ ജനസംഖ്യ കുറഞ്ഞുവരികയാണെന്നും ഇതിന് കാരണം ബംഗ്ലാദേശില്‍ നിന്നുള്ള ആളുകളുടെ നുഴഞ്ഞുകയറ്റമാണെന്നും ദുബെ ആരോപിച്ചു. മാള്‍ഡ, മുര്‍ഷിദാബാദ്, അറാറിയ, കൃഷ്ണഗഞ്ച്, കതിഹാര്‍, സന്താള്‍ പര്‍ഗാന എന്നിവയെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്നും ദുബെ ആവശ്യപ്പെട്ടു.
''2000ല്‍ ബീഹാറില്‍ നിന്ന് വേര്‍പെടുത്തിയാണ് സന്താള്‍ പര്‍ഗാന ജാര്‍ഖണ്ഡിനോട് കൂട്ടിച്ചേര്‍ത്തത്. അന്ന് സന്താള്‍ പര്‍ഗാനയിലെ ആദിവാസി ജനസംഖ്യ 36 ശതമാനമായിരുന്നു. എന്നാല്‍ ഇന്ന് അവരുടെ ജനസംഖ്യ വെറും 26 ശതമാനമാണ്. പത്ത് ശതമാനം ആദിവാസികള്‍ എവിടെപ്പോയി?,'' ദുബെ ചോദിച്ചു. ബംഗ്ലാദേശില്‍ നിന്നെത്തുന്ന നുഴഞ്ഞുകയറ്റക്കാര്‍ ആദിവാസി പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
advertisement
''ഞങ്ങളുടെ പ്രദേശത്ത് നൂറ് ആദിവാസി 'മുഖ്യ'കളുണ്ട്. എന്നാല്‍ അവരുടെ ഭര്‍ത്താക്കന്‍മാര്‍ മുസ്ലീങ്ങളാണ്. മാള്‍ഡയിലേയും മുര്‍ഷിദാബാദിലേയും ആളുകള്‍ ഞങ്ങളുടെ ആളുകളെ പുറത്താക്കി. ഹിന്ദു ഗ്രാമങ്ങളെയും ശൂന്യമാക്കി. പാകൂരിലെ താരാനഗര്‍-ഇലാമി, ദഗാപര എന്നിവിടങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതൊരു ഗൗരവതരമായ പ്രശ്നമാണ്. ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ ഈ പദവിയില്‍ നിന്ന് രാജിവെയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. ജാര്‍ഖണ്ഡ് പോലീസ് നിഷ്‌ക്രിയരാണ്. കൃഷ്ണഗഞ്ച്, അറാറിയ, കതിഹാര്‍, മാള്‍ഡ, മുര്‍ഷിദാബാദ്, എന്നിവയെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റണം. ഇല്ലെങ്കില്‍ ഈ പ്രദേശങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ അപ്രത്യക്ഷമാകും. എന്‍ആര്‍സിയും നടപ്പാക്കണം,'' ദുബെ ആവശ്യപ്പെട്ടു.
നിഷികാന്ത് ദുബെയുടെ ആരോപണങ്ങളെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിഷയമാണ് ദുബെ ഉന്നയിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.