കൊഗിലു ഗ്രാമത്തിലെ ഭൂമിയൊഴിപ്പിക്കൽ നടപടിയെക്കുറിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഓൺലൈനിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്. ഭൂമിയൊഴിപ്പിക്കൽ നടത്തിയ രീതിയെക്കുറിച്ചുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ഗുരുതരമായ ആശങ്ക താൻ അറിയിച്ചതായി വേണുഗോപാൽ തന്റെ പോസ്റ്റിൽ പറഞ്ഞിരുന്നു.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കർണാടകയുടെ സൂപ്പർ മുഖ്യമന്ത്രിയായി പ്രവർത്തിക്കുകയാണോ എന്ന് കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ അശോക വിമർശിച്ചു.കർണാടക ഭരിക്കുന്നത് ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ്, ഡൽഹിയിൽ ഇരിക്കുന്ന എഐസിസി ജനറൽ സെക്രട്ടറിയല്ലെന്നും അശോക പറഞ്ഞു. വേണുഗോപാലിന്റെ പരാമർശങ്ങൾ ഫെഡറലിസത്തിനെതിരായ അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വം സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും ആർ അശോക ആരോപിച്ചു.
advertisement
"ഡൽഹിയിലെ പാർട്ടി മാനേജർമാരെ പ്രീതിപ്പെടുത്താൻ കർണാടകയുടെ അന്തസ്സും ആത്മാഭിമാനവും ഭരണാധികാരവും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല," അശോക പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ ഒരു "റിമോട്ട് കൺട്രോൾ സർക്കാരിന്" വോട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കര്‍ണാടകയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിഷയങ്ങളില്‍ വേണുഗോപാലിന്റെ മൗനത്തെയും ആർ അശോക ചോദ്യം ചെയ്തു.കർണാടക രാഹുല്‍ ഗാന്ധിയുടെയും അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും കോളനി അല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഭൂമി ഒഴിപ്പിക്കലിനെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും സംസാരിച്ചതായി വേണുഗോപാൽ പറഞ്ഞു. അത്തരം നടപടികൾ കൂടുതൽ ജാഗ്രതയോടെയും സംവേദനക്ഷമതയോടെയും അനുകമ്പയോടെയും സ്വീകരിക്കേണ്ടതായിരുന്നു എന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ആശങ്കയും അദ്ദേഹം അറിയിച്ചു.
ദുരിതബാധിത കുടുംബങ്ങളുമായി നേരിട്ട് ഇടപഴകുമെന്നും പരാതികൾ പരിഹരിക്കുന്നതിനുള്ള ഒരു സംവിധാനം ഏർപ്പെടുത്തുമെന്നും പുനരധിവാസവും ആശ്വാസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉറപ്പുനൽകിയതായി വേണുഗോപാൽ പറഞ്ഞു.കേരള മുഖ്യമന്ത്രി പിണറായി വിജയനും ഭൂമി ഒഴിപ്പിക്കലിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ബുൾഡോസർ രാജിന്റെ ക്രൂരമായ സാധാരണവൽക്കരണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
