കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇഫക്ടിൽ മുന്നോട്ട് പോകുന്ന പാർട്ടി 350 സീറ്റുകൾ നേടുക എന്നത് ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുന്നത്. ഇതിനായി തെലങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളും പാർട്ടി ലക്ഷ്യമിടുന്നുണ്ട്. കൂടാതെ 2019ൽ മികച്ച പ്രകടനം കാഴ്ചവെച്ച പശ്ചിമ ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും പാർട്ടി വേരുകൾ ശക്തിപ്പെടുത്തുകയാണ്.
2024ലെ തെരഞ്ഞെടുപ്പിൽ ബംഗാളിൽ നിന്ന് 25 സീറ്റ് നേടുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. എന്നാൽ 2019ലെ പ്രകടനം നിലനിർത്തിയാലും അമിത് ഷായുടെ ലക്ഷ്യമായ 25 സീറ്റ് ബംഗാളിൽ ഇത്തവണ നേടിയെടുക്കാൻ പാർട്ടിയ്ക്കാകില്ലെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാർട്ടിയുടെ സീറ്റ് നില ഒറ്റ അക്കത്തിലേക്ക് താഴാനാണ് സാധ്യത. പുതുതായി രൂപീകരിച്ച പ്രതിപക്ഷ ഐക്യ സഖ്യമായ ‘ഇന്ത്യ'(I.N.D.I.A) ആണ് ഇതിന് പിന്നിലെ കാരണം.
advertisement
റിപ്പോർട്ടുകൾ
പശ്ചിമബംഗാളിലെ കോൺഗ്രസിനെയും ഇടതുപക്ഷത്തെയും ഒരുപോലെ ഞെട്ടിപ്പിച്ച ഒരു കാഴ്ചയ്ക്കാണ് ഇക്കഴിഞ്ഞ ദിവസം ബെംഗളുരു നഗരം വേദിയായത്. സീതാറാം യെച്ചൂരി, രാഹുൽ ഗാന്ധി, മമത ബാനർജി എന്നിവർ ഒരേ വേദിയിലിരിക്കുന്ന കാഴ്ചയായിരുന്നു അത്. അതുമാത്രമല്ല രാഹുൽ മമത ബാനർജിയുമായി ദീർഘനേരം നീണ്ട ചർച്ചയും നടത്തിയിരുന്നു. ബെംഗളൂരുവിലെ ഈ കൂടിച്ചേരലിലൂടെ ഒരു കാര്യം വ്യക്തമായി. ഒരുമിച്ച് പോരാടാൻ തന്നെ പ്രതിപക്ഷം തീരുമാനിച്ചുകഴിഞ്ഞു. വരു ദിവസങ്ങളിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read- കര്‍ണാടകയില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജെഡിഎസ്
എല്ലാ രാഷ്ട്രീയ കക്ഷികളുടെയും 2019 തെരഞ്ഞെടുപ്പിലെ പ്രകടനം ന്യൂസ് 18 ആഴത്തിൽ പരിശോധിച്ചിരുന്നു. അതിൽ നിന്ന് ഒരു ഞെട്ടിപ്പിക്കുന്ന വസ്തുതയും കണ്ടെത്തി. അതായത് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ 14 സീറ്റുകളുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ ആ മണ്ഡലങ്ങളിൽ പ്രതിപക്ഷത്തിന് (ഇന്ത്യ) ലഭിച്ച വോട്ടുകൾ ബിജെപി സ്ഥാനാർത്ഥിയെക്കാൾ വളരെ കൂടുതലായിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഓരോന്നും ഒറ്റയ്ക്ക് മത്സരിച്ചതിനാൽ അന്ന് ബിജെപിയ്ക്ക് വിജയിക്കാനായി. ഈ 14 സീറ്റുകളിൽ 10 എണ്ണവും ബംഗാളിൽ നിന്നുള്ളവയാണ് എന്നതാണ് കൗതുകകരമായ വസ്തുത.
അതായത് സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ ‘ഇന്ത്യ’ സഖ്യം ഒരു തീരുമാനത്തിലെത്തിയാൽ ബംഗാളിലെ 10 സീറ്റുകളും ബിജെപിയ്ക്ക് നഷ്ടമാകും. 2019ലെ പ്രകടനം കാഴ്ചവെച്ചാലും ഈ സീറ്റുകൾ തിരിച്ച് പിടിക്കാനാകില്ല. കഴിഞ്ഞ തവണ ബിജെപിയ്ക്ക് 18 സീറ്റുകളാണ് ലഭിച്ചത്. അന്നത്തെ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് ആയിരുന്നു. എന്നാൽ ഇത്തവണ ഈ സംഖ്യ ഒറ്റയക്കത്തിലേക്ക് താഴുമെന്നാണ് വിലയിരുത്തൽ. എട്ട് സീറ്റ് മാത്രമെ ബിജെപിയ്ക്ക് നേടാനാകൂവെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കേന്ദ്രമന്ത്രിമാർ മുതൽ ബിജെപി അധ്യക്ഷൻമാർ വരെ തോൽക്കും
ശേഷിക്കുന്ന 10 സീറ്റുകളിൽ തൃണമൂലും ഇടതുപക്ഷവും കോൺഗ്രസും ഒന്നിച്ചായിരിക്കും മത്സരിക്കുക. അങ്ങനെയെങ്കിൽ ഈ മേഖലയിൽ തോൽവിയ്ക്ക് സാധ്യതയുള്ള ചില ഹൈ പ്രൊഫൈൽ പേരുകളുമുണ്ട്. കഴിഞ്ഞ തവണ കൂച്ച്ബിഹാറിൽ നിന്ന് മത്സരിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസീത് പ്രമാണിക് ആണ് ഈ പട്ടികയിലുൾപ്പെടുന്ന ഒരാൾ.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത സഹമന്ത്രി സന്തനു ഠാക്കൂർ ആണ് പട്ടികയിലുൾപ്പെടുന്ന മറ്റൊരു കേന്ദ്രമന്ത്രി. അദ്ദേഹത്തിന്റെ ലോക്സഭാ സീറ്റായ ബോംഗാവോണും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ബംഗാളിലെ ഒരു പ്രധാന വിഭാഗമായ മാതുവ സമുദായത്തെ കൂടിയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. ബിജെപി ബംഗാൾ ഘടകം അധ്യക്ഷൻ സുഖന്ത മജൂംദാറാണ് അനിശ്ചിതത്വത്തിലാകാൻ പോകുന്ന മറ്റൊരു നേതാവെന്നും ന്യൂസ് 18 റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇദ്ദേഹത്തിന്റെ സീറ്റായ ബാലൂർഘട്ടും മേൽപ്പറഞ്ഞ പട്ടികയിലുൾപ്പെടുന്നതാണ്.
Also Read- ശരദ് പവാറിന് വീണ്ടും തിരിച്ചടി; നാഗാലാന്‍ഡിലെ 7 എന്‍സിപി എംഎല്‍എമാരും അജിത് പവാര്‍ പക്ഷത്തേക്ക്
എസ് എസ് അലുവാലിയ വിജയിച്ച ബർധ്മാൻ മണ്ഡലം, അർജുൻ സിംഗ് വിജയിച്ച ബാരക്പൂർ, സൗമിത്ര ഖാന്റെ മണ്ഡലമായ ബിഷ്ണുപൂർ, ലോക്കറ്റ് ചാറ്റർജിയുടെ മണ്ഡലമായ ഹുഗ്ലി, കുമാർ ഹേമാബ്രാം വിജയിച്ച ജാർഗ്രാം എന്നീ മണ്ഡലങ്ങളാണ് ബിജെപിയ്ക്ക് കനത്ത വെല്ലുവിളിയാകുക. ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ച മാൽദഹ ഉത്തറും, റായ്ഗഞ്ചും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
പ്രതീക്ഷ
സ്ഥിതിവിവരക്കണക്കുകൾ ഒരിക്കലും കള്ളം പറയില്ല. എന്നാൽ രാഷ്ട്രീയം പലപ്പോഴും പ്രവചനാതീതമാണ്. ഈ വിലയിരുത്തൽ അർത്ഥവത്താകണമെങ്കിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ സീറ്റ് വിഭജനം പൂർത്തിയാകണം. നിലവിൽ ഈ സഖ്യം ഒരു പൊതു പദ്ധതി രൂപീകരിച്ചിട്ടില്ല.
2021ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനമാണ് ബംഗാൾ. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ സീറ്റ് വിഭജനത്തിൽ ഒരിഞ്ച് പോലും ദേശീയ സഖ്യകക്ഷിയ്ക്ക് വിട്ടുകൊടുക്കാൻ തൃണമൂൽ തയ്യാറാകില്ലെന്നാണ് കരുതുന്നത്.
അതേസമയം തങ്ങളുടെ രാഷ്ട്രീയ എതിരാളിയായി കാണുന്ന ഒരു പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിൽ കോൺഗ്രസ്, ഇടതുമുന്നണി കക്ഷികളുടെ പ്രാദേശിക നേതൃത്വത്തിന് കടുത്ത എതിർപ്പുമുണ്ട്.
ഈ സാഹചര്യത്തിൽ ‘ഇന്ത്യ’ സീറ്റ് വിഭജനം പൂർത്തിയാക്കിയാലും അത് പ്രാബല്യത്തിലാക്കാൻ സംസ്ഥാന നേതൃത്വം തന്നെ മുന്നോട്ട് വരണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതത്ര എളുപ്പമാകില്ല.