സീറ്റ് കുറഞ്ഞെങ്കിലും മഹാരാഷ്ട്രയിൽ ബിജെപി അധികാരം നിലനിറുത്തി. ഇതാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലമെങ്കിലും ഇങ്ങനെ ആശ്വസിക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിനോ ദേശീയ നേതൃത്വത്തിനോ ആകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച 122 സീറ്റിനടുത്തെത്താൻ പോലും ഇത്തവണ സാധിച്ചില്ല. പതിനെട്ട് സീറ്റുകൾ നഷ്ടമായി. അധികാരം നിലനിറുത്താനിറങ്ങുമ്പോൾ കടമ്പകൾ പലതാണ്. സർക്കാർ വിരുദ്ധത തന്നെ പ്രധാനം. മുന്നണിയായി മത്സരിക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം വേറെ. പക്ഷേ മഹാരാഷ്ട്രയിൽ സർക്കാർ വിരുദ്ധ തരംഗമല്ല ബിജെപിക്ക് വിനയായത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെതിരെ അത്ര കടുത്ത തരംഗമൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് വികസനം മുദ്രാവാക്യമാക്കി ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിൽ തന്നെ തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. ശിവസേന ഒപ്പമുണ്ടെങ്കിലും ഒറ്റയ്ക്ക് ഭൂരിപക്ഷം എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഒറ്റയ്ക്ക് മത്സരിക്കുന്ന തരത്തിലായിരുന്നു പ്രചാരണവും.. സഖ്യമുണ്ടായിരുന്നെങ്കിലും സേനയ്ക്ക് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നുവെന്ന് ശിവസേന നേതൃത്വം വോട്ടെടുപ്പിന് ശേഷം പരാതിപ്പെട്ടതും ഇതുകൊണ്ട് തന്നെ.
advertisement
also read:സമുദായ നേതാക്കളുടെ വിരൽത്തുമ്പിലെ കളിപ്പാവകളല്ലെന്ന് തെളിയിച്ച് വോട്ടർമാർ
ആലോചനകൾ പലതായിരുന്നു
ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ ആലോചനകൾ പലതായിരുന്നു. മോദിയെ പ്രധാനമന്ത്രി പദത്തിൽ എത്തിച്ചത് പോലെ ഒരു മുഖ്യമന്ത്രിയെ ഉയർത്തികൊണ്ടു വരിക. ഇതായിരുന്നു പ്രധാന ആലോചന. മഹാരാഷ്ട്രയിലെ നിറം മങ്ങിയ വിജയം ആ ആലോചനയ്ക്ക് കൂടിയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പും ഒപ്പം നടന്ന ചില ഉപതെരഞ്ഞെടുപ്പുകളും ബിജെപിയെ പഠിപ്പിച്ച മറ്റൊരു കാര്യം കൂടിയുണ്ട്. കൂറുമാറ്റങ്ങളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കരുത്. തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻമന്ത്രി ഹർഷവർധൻ പാട്ടീലും എൻസിപി വിട്ട് ബിജെപി ടിക്കറ്റിൽ മത്സരിച്ച ഉദയൻരാജുമടക്കമുള്ളവരുടെ തോൽവി ഇതാണ് വ്യക്തമാക്കുന്നത്. ഇനിയുമുണ്ട് ബിജെപി പഠിച്ച പാഠങ്ങൾ. മോദിയുടേയും മുഖ്യമന്ത്രിയുടേയും പ്രതിഛായയിൽ മാത്രം വിജയം ഉറപ്പിക്കാനാകില്ല. ഫട്‌നാവിസ് മന്ത്രിസഭയിലെ അഞ്ചു മന്ത്രിമാരാണ് തോറ്റത്. അന്തരിച്ച തലമുതിർന്ന നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെ വരെ ഇക്കൂട്ടത്തിൽ പെടും. മുപ്പതിനായിരം വോട്ടിനാണ് പങ്കജ മുണ്ടെ നിലംപറ്റിയത്. മഹാരാഷ്ട്രയിൽ മാത്രമല്ല മോദിയുടേയും അമിത്ഷായുടേയും തട്ടകമായ ഗുജറാത്തിലും ഇതു തന്നെ സംഭവിച്ചു. കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപി ടിക്കറ്റിൽ മത്സരിച്ച ദളിത് നേതാവ് അൽപേഷ് താക്കൂറാണ് ഗുജറാത്തിൽ തോറ്റത്.
ജാട്ടുകളുടെ ഹരിയാന
ജാട്ടു രാഷ്ട്രീയമാണ് ഇത്തവണ ഹരിയാനയിൽ ജയപരാജയം നിശ്ചയിച്ച പ്രധാന ഘടകം. ആരേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കാട്ടിയല്ല കഴിഞ്ഞ തവണ ബിജെപി മത്സരിച്ചത്. സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. ബിജെപി മുഖ്യമന്ത്രിയാക്കിയത് ജാട്ട് ഇതര സമുദായത്തിൽ നിന്നുള്ള മനോഹർ ലാൽ ഖട്ടാറെയായിരുന്നു. ഈ മലക്കം മറിച്ചിലിനാണ് ജാട്ട് വിഭാഗം ഇത്തവണ മറുപടി നൽകിയത്. കോൺഗ്രസിലേയും ഐഎൻഎൽഡിയിലേയും കടുത്ത ഭിന്നത പോലും ബിജെപിക്ക് ഗുണമായില്ല. കോൺഗ്രസിൽ നിന്ന് പിസിസി പ്രസിഡന്റ് അടക്കം പിണങ്ങിപ്പോയി. ഐഎൻഎൽഡി പിളർത്തി മുൻമുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താലയുടെ ചെറുമകൻ ദുഷ്യന്ത് ചൗത്താല ജൻനായക് ജനത പാർട്ടിയെന്ന പുതിയ പാർട്ടിയുണ്ടാക്കി. ഇവർ ജാട്ട് വോട്ടുകൾ ഭിന്നിപ്പിച്ചു. എന്നിട്ട് പോലും ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാനായില്ല. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സുഭാഷ് ബരാല പോലും തോറ്റു.
also read:ചെങ്കോട്ടയായി പത്തനംതിട്ട; വീണത് യുഡിഎഫിന്റെ ഉരുക്കു കോട്ട
ആരുടെ വിജയം
മഹാരാഷ്ട്രയിൽ ശരത് പവാറിന്റെയും ഹരിയാനയിൽ മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടേയും വിജയമാണ് ഈ തെരഞ്ഞെടുപ്പ്. കോൺഗ്രസ് എൻസിപി സഖ്യമെന്ന് മഹാരാഷ്ട്രയിലെ സഖ്യത്തെ ഇനി വിളിക്കാനാകില്ല. എൻസിപി കോൺഗ്രസ് സഖ്യമെന്ന് വേണം വിളിക്കാൻ. അത് ഇത്തവണ എൻസിപിക്ക് കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റ് ലഭിച്ചത് കൊണ്ട് മാത്രമല്ല. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നേരിയ മുന്നേറ്റം കാഴ്ചവയ്ക്കാൻ മഹാരാഷ്ട്രയിൽ കോൺഗ്രസിന് സാധിച്ചു. പക്ഷെ എൻസിപിയുടെ കാര്യം അങ്ങനെയല്ല. കഴിഞ്ഞ തവണത്തെക്കാൾ പത്ത് സീറ്റിലധികം നേടി എൻസിപി. ഈ നേട്ടം ശരത് പവാർ എന്ന എഴുപത്തിയെട്ട് വയസുകാരന്റെ പ്രയത്നം കൊണ്ട് മാത്രമാണ്. കോൺഗ്രസിന് ലഭിച്ച സീറ്റുകൾ പോലും ശരത് പവാറിന്റെ ദാനമാണ്. സംസ്ഥാനതലത്തിൽ പ്രചാരണത്തിന് ഇറങ്ങാൻ പോലും കോൺഗ്രസിന് നേതാവില്ലായിരുന്നു. മൂന്നോ നാലോ റാലികളിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചത് ഒഴിച്ചാൽ ദേശീയ നേതാക്കളാരും മഹാരാഷ്ട്രയിൽ കോൺഗ്രസിനായി പ്രചാരണത്തിന് എത്തിയില്ല. ശരത് പവാർ തന്നെയായിരുന്നു എൻസിപി കോൺഗ്രസ് സഖ്യത്തിന്റെ മുഖ്യപ്രചാരകൻ. ദിവസേന എട്ട് പത്ത് റാലികളിൽ ശരത് പവാർ പ്രസംഗിച്ചു. അതിൽ എൻസിപിയുടെ മാത്രമല്ല കോൺഗ്രസിന്റെ മണ്ഡലങ്ങളുമുണ്ട്. ഈ പ്രചാരണമാണ് സഖ്യത്തെ മൂന്നക്കം കടക്കാൻ സാഹായിച്ചതും ബിജെപിയെ പിടിച്ചു കെട്ടിയതും.
ഹൂഡയുടെ കോൺഗ്രസ്
മഹാരാഷ്ട്രയിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല ഹരിയാനിയിലെ ഇടപെടൽ. ഡൽഹിയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമായിട്ടും കോൺഗ്രസിൻറെ ദേശീയ നേതാക്കളുടെ വൻനിരയൊന്നും ഹരിയാനയിലും എത്തിയില്ല. മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയെന്ന ചാണക്യനായിരുന്നു സ്ഥാനാർത്ഥി നിർണ്ണയം മുതൽ പ്രചാരണം വരെ നടത്തിയത്. ഹൂഡയുടെ സ്ഥാനാർത്ഥി നിർണ്ണയ രീതിയെ എതിർത്താണ് പിസിസി പ്രസിഡന്റായിരുന്ന അശോക് തൻവർ അണികളുമൊത്ത് പാർട്ടി വിട്ടത്. അതു പോലും കോൺഗ്രസിനെ കാര്യമായി ബാധിക്കാതെയിരുന്നതിന് കാരണം ഹൂഡയുടെ പരിചയസമ്പത്ത് തന്നെ. പതിനഞ്ചെന്ന എക്കാലത്തേയും മോശപ്പെട്ട അവസ്ഥയിൽ നിന്ന് ഇരട്ടി എംഎൽഎമാരെ ജയിപ്പിച്ചെടുത്തത് ഭൂപീന്ദർ സിങ് ഹൂഡയെന്ന ഏകവ്യക്തിയാണ്. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ഹരിയാനയിൽ ആര് സർക്കാരുണ്ടാക്കിയാലും ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചത് ഹൂഡയാണ്.
മോടി മങ്ങിയോ
പരസ്യങ്ങളും പ്രചാരണങ്ങളും അഭിപ്രായ സർവ്വേകളും പറഞ്ഞതല്ല മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും യഥാർത്ഥ സ്ഥിതിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്. മോദിയുടെ പേരിൽ വോട്ട് ചോദിച്ചിരുന്ന രീതിയിൽ നിന്ന് പ്രാദേശിക നേതൃത്വത്തിന്റെയും വികസനത്തിന്റെയും പേരിലാണ് ഇത്തവണ ഈ രണ്ട് സംസ്ഥാനങ്ങളിലും വോട്ട് ചോദിച്ച് തുടങ്ങിയത്. മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രതിപക്ഷം ഇല്ലെന്ന് വരുത്തിതീർക്കാനും അങ്ങനെ പ്രചരിപ്പക്കാനും ബിജെപി ശ്രമം തുടങ്ങിയിട്ട് മാസങ്ങളായി. മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവിനെ തന്നെ ചാടിച്ച് സ്വന്തം പാളയത്തിലെത്തിച്ച് മന്ത്രിയാക്കി. ഹരിയാനയിൽ മുഖ്യപ്രതിപക്ഷമായിരുന്ന ഐഎൻഎൽഡിയെ തച്ചു തകർത്ത് ഇല്ലാതാക്കി. ഇതിന് ശേഷമാണ് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. മഹാരാഷ്ട്രയിൽ വോട്ട് കൊണ്ടു വരാൻ പ്രദേശിക നേതൃത്വം മാത്രം പോരെന്ന് തിരിച്ചറിഞ്ഞ് ഒടുവിൽ വീരസവർക്കറെ ആയുധമാക്കി രംഗത്തിറക്കി. സവർക്കർക്ക് ഭാരത രത്നം എന്ന ആവശ്യം ഉന്നയിച്ച് പ്രദേശിക ഹൈന്ദവ വികാരം മുതലെടുക്കാനായിരുന്നു ശ്രമം. വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് അതിർത്തിക്കപ്പുറത്തുള്ള ഭീകരക്യാമ്പുകൾ ആക്രമിച്ച് തകർക്കുന്ന നടപടി വരെയുണ്ടായി. പക്ഷെ ഇതൊന്നും വോട്ട് കൊണ്ടു വന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഐക്യവും ഏകോപനവും നേതൃത്വവുമില്ലാതെ പലവഴിക്ക് പടനയിച്ച പ്രതിപക്ഷം. ദേശീയതയും രാജ്യസ്നേഹവും ഉണർത്തുന്ന സൈനിക നടപടി. ഇതിനൊപ്പം മോദിയുടെ മോടിയും. മഹാരാഷ്ട്രയിലും ഹരിയാനയിലും വൻവിജയം നേടാനുള്ള രാഷ്ട്രീയ ചേരുവകൾ ഏറെയായിരുന്നു. പക്ഷെ വോട്ടർമാരെ സ്വാധീനിച്ചഘടകം ഇതൊന്നുമായിരുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ തുടങ്ങി ചാക്കിട്ടു പിടിത്തം വരെയുള്ള നടപടികൾക്കുള്ള ജനകീയ മറുപടി. അങ്ങനെ കൂടി ഈ തെരഞ്ഞെടുപ്പ് ഫലങ്ങളെ കാണണം.