• HOME
 • »
 • NEWS
 • »
 • kerala
 • »
 • സമുദായ നേതാക്കളുടെ വിരൽത്തുമ്പിലെ കളിപ്പാവകളല്ലെന്ന് തെളിയിച്ച് വോട്ടർമാർ

സമുദായ നേതാക്കളുടെ വിരൽത്തുമ്പിലെ കളിപ്പാവകളല്ലെന്ന് തെളിയിച്ച് വോട്ടർമാർ

വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. കെ പ്രശാന്തിന്റെ വിജയമാണ് സമുദായ നേതാക്കളുടെ വിരൽതുമ്പിലല്ല വോട്ടർമാർ എന്ന് തെളിയിക്കുന്ന ആദ്യഫലം.

വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും

വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും

 • Last Updated :
 • Share this:
  സുരേഷ് വെള്ളിമുറ്റം

  വിശ്വാസത്തിന്റെ അട്ടിപ്പേറ് അവകാശം കക്ഷത്ത് വെച്ച് നടന്നവർക്ക് കേരളത്തിലെ പ്രബുദ്ധ വോട്ടർമാർ മറുപടി നൽകി. പെരുന്നയിലേയും കണിച്ചുകുളങ്ങരയിലേയും അരമനകളിലേയും മേലാളന്മാരുടെ കല്പനകൾ ജനം അംഗീകരിച്ചില്ല.

  വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. കെ പ്രശാന്തിന്റെ വിജയമാണ് സമുദായ നേതാക്കളുടെ വിരൽതുമ്പിലല്ല വോട്ടർമാർ എന്ന് തെളിയിക്കുന്ന ആദ്യഫലം. യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ 14465 വോട്ടിനാണ്
  പ്രശാന്ത് വിജയിച്ചത്. കോൺഗ്രസ്സിലെ മോഹൻകുമാറിനെ വിജയിപ്പിക്കണമെന്ന് എൻഎസ്എസ് പരസ്യമായി പറഞ്ഞിട്ടും ഫലമുണ്ടായില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ പതിനാലായിരത്തിലധികം വോട്ട് എൽഡിഎഫ് നേടി. കോൺഗ്രസ്സിനാകട്ടെ പതിനായിരത്തിലധികം വോട്ട് കുറഞ്ഞു. ബിജെപിക്ക് നഷ്ടം പതിനാറായിരത്തിലധികം വോട്ട്.

  also read:ചെങ്കോട്ടയായി പത്തനംതിട്ട; വീണത് യുഡിഎഫിന്റെ ഉരുക്കു കോട്ട

  സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഈഴവ സമുദായത്തിന് രണ്ട് സ്ഥാനാര്‍ത്ഥികൾ വേണമെന്ന അവകാശവാദം ഉന്നയിച്ച നേതാവാണ് നവോത്ഥാന സംരക്ഷണ നായകന്‍ വെള്ളാപ്പള്ളി നടേശൻ. കോന്നിയിലും അരൂരിലുമായിരുന്നു നോട്ടം. അരൂരിലും ആലപ്പുഴയിലും താൻ പറയുന്ന സ്ഥാനാര്‍ത്ഥിക്ക് ശ്രീനാരായണീയർ വോട്ടുചെയ്യുമെന്ന വെള്ളാപ്പള്ളിയുടെ വീമ്പിന് തിരിച്ചടിയാണ് അരൂരിലെ ഷാനിമോളുടെ വിജയം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ ആരിഫ് വിജയിച്ചത് എസ്എൻഡിപി പിന്തുണച്ചത് കൊണ്ടാണെന്ന് വെള്ളാപ്പള്ളി നടേശൻ അവകാശപ്പെട്ടിരുന്നു. ഈ തെരഞ്ഞെടുപ്പിൽ മനു സി പുളിക്കന് തന്നെയായരുന്നു വെള്ളാപ്പള്ളിയുടെ പിന്തുണ, തുറന്ന് പറഞ്ഞില്ലെങ്കിലും. അരൂരിൽ ബിഡിജെഎസ് മത്സരിക്കാതിരുന്നത് വെള്ളാപ്പള്ളി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതിനാലായിരുന്നു. അവിടെയും തോറ്റു സമുദായ മേലാളൻ.

  കോന്നിയില്‍ സുരേന്ദ്രനുവേണ്ടി പരസ്യ പ്രചാരണത്തിന് ഇറങ്ങിയത് ഓർത്തഡോക്സ് വൈദികരായിരുന്നു. ഇടത് സർക്കാർ യാക്കോബായ സഭയ്ക്ക് ഒപ്പമാണെന്നും പള്ളിത്തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്നുമായിരുന്നു ഇതിന് ന്യായം. ബിജെപിയെ പിന്തുണയ്ക്കുന്നില്ലെന്ന് ഓർത്തഡോക്സ് പ്രസ്താവനയിറക്കിയെങ്കിലും സഭയുടെ മനസ്സ് സുരേന്ദ്രനൊപ്പംതന്നെ ആയിരുന്നു. എന്നിട്ടും 39786 വോട്ടുമായി സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എൻഎസ്എസിന്റെ ആശീർവാദം ഉണ്ടായിട്ടുപോലും പി മോഹൻ രാജിന് ലഭിച്ചതാകട്ടെ 44146 വോട്ടും.

  also read:അവിടെയും കെടാത്ത കനൽ; മഹാരാഷ്ട്രയിൽ സിപിഎമ്മിന് ഒരുസീറ്റ്

  തെക്കും മധ്യകേരളത്തിലും ഫലം ഇതായിരുന്നെങ്കിൽ മഞ്ചേശ്വരത്ത് മറിച്ചായിരുന്നു. വിശ്വാസത്തിന്റെ അട്ടിപ്പേറ് അവകാശം ആരുടേയും കക്ഷത്തിലല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രചാരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇടത് വോട്ട് 2016-നെക്കാൾ കുറഞ്ഞു. മൂന്നര വർഷം മുമ്പ് സി എച്ച് കുഞ്ഞമ്പു 42565 വോട്ട് നേടിയപ്പോൾ ഇത്തവണ ശങ്കർ റൈ-യ്ക്ക് ലഭിച്ചതാകട്ടെ 38233 വോട്ട് മാത്രം. മുസ്ലീം ലീഗിന്റെ വോട്ട് എണ്ണായിരത്തിലധികം വർദ്ധിച്ചു. ബിജെപി വോട്ടിലുമുണ്ടായി വർദ്ധന.

  വോട്ടർമാർ സമുദായ നേതാക്കളുടെ വിരൽത്തുമ്പിലെ കളിപ്പാവകളെല്ലെന്ന് തന്നെയാണ് വട്ടിയൂർക്കാവിലേയും കോന്നിയിലേയും അരൂരിലേയും വിധി വ്യക്തമാക്കുന്നത്. എന്നാൽ വോട്ടർമാർക്ക് മാത്രം പോര ഈ വിവേകം. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഓർത്തഡോക്സ് സഭാനേതൃത്വത്തെ കാണാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പോയിരുന്നു. പാലായിൽ എസ്എൻഡിപി സഹായിച്ചു എന്ന് തുറന്നുപറഞ്ഞതും ഇതേ കോടിയേരി തന്നെയാണ്. ചാലക്കുടിയിൽ മത്സരിച്ച ഇന്നസെന്റ് കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളി നടേശനെ കണ്ടതും നമ്മൾ മറന്നിട്ടില്ല. ഇന്നസെന്റ് മാത്രമല്ല, ബിജെപി - കോൺഗ്രസ് നേതാക്കളും വെള്ളാപ്പള്ളിയെയും അരമനയിലെ അധ്യക്ഷരേയും കാണാൻ പോയിട്ടുണ്ട്- പോകുന്നുണ്ട്. ജയിച്ച സ്ഥാനാർത്ഥികൾ ഇവരെയെല്ലാം കാണാനെത്തുന്നതും നമ്മൾ കാണേണ്ടിവരും. ഇവിടെയാണ് ഇനി തിരുത്തൽ വേണ്ടത്- രാഷ്ട്രീയ നേതൃത്വങ്ങൾക്ക് അതിനുള്ള നട്ടെല്ലുണ്ടാകണം. തലച്ചോറും.
  First published: