ഫെബ്രുവരി 22-ന് വീട്ടിൽ കുഴഞ്ഞുവീണ വിനീതയെ ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഫെബ്രുവരി 24-ന് ഇവരെ ഡിസ്ചാർജ് ചെയ്തു. തുടർന്ന് ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹാഫിസ്ഗഞ്ചിന് സമീപം വെച്ച് വാഹനം റോഡിലെ വലിയൊരു കുഴിയിൽ വീഴുകയായിരുന്നു. ഈ കുലുക്കത്തിന് പിന്നാലെ വിനീത സ്വയം ശ്വസിക്കാൻ തുടങ്ങിയതായി ഭർത്താവ് കുൽദീപ് കുമാർ ശുക്ല പറഞ്ഞു.
ഉടൻ തന്നെ ഇവരെ പിലിഭിതിലെ ന്യൂറോസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ വിനീതയുടെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ന്യൂറോ സർജൻ ഡോ. രാകേഷ് സിംഗ് വ്യക്തമാക്കി. ഗ്ലാസ്ഗോ കോമ സ്കെയിൽ മൂന്നിലേക്ക് താഴുകയും കണ്ണിലെ കൃഷ്ണമണികൾ വികസിക്കുകയും ചെയ്ത അവസ്ഥയിലായിരുന്നു രോഗി. കൂടാതെ രക്തത്തിൽ ന്യൂറോടോക്സിനുകളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. വാഹനം കുഴിയിൽ വീണപ്പോഴുണ്ടായ ആഘാതം നാഡീവ്യൂഹത്തെ ഉത്തേജിപ്പിച്ചത് വിനീതയുടെ തിരിച്ചുവരവിന് കാരണമായെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത വിനീത നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്.
advertisement
