കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയൻ മോഡലിന്‍റെ പ്രതികരണം അടങ്ങിയ വിഡിയോ സന്ദേശം എക്സിൽ പങ്കുവച്ചത്. ഹരിയാനയിൽ സ്വീറ്റി, സരസ്വതി, സീമ എന്നിങ്ങനെ പല പേരുകളിലായിട്ടായിരുന്നു ലാരിസയുടെ ചിത്രം വച്ച് 22 കള്ളവോട്ടുകൾ നടന്നത്. ഈ 22 പേരുടെയും പേരുകള്‍ക്കൊപ്പം വോട്ടര്‍ പട്ടികയിൽ ബ്രസീലിയൻ മോഡലിന്‍റെ ചിത്രമാണുണ്ടായിരുന്നത്.
‘‘തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല. എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണ്. എന്‍റെ പഴയ ഫോട്ടോയാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ആ ചിത്രമെടുക്കുമ്പോൾ എനിക്ക് 18-ഓ 20-ഓ വയസ്സാണ്. ആളുകളെ കബളിപ്പിക്കാൻ അവർ എന്നെ ഒരു ഇന്ത്യക്കാരിയായി ചിത്രീകരിക്കുന്നു. ഇതെന്ത് ഭ്രാന്താണ്. ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഏറെപേർ എന്‍റെ അഭിമുഖത്തിനായി ഇന്ത്യയിൽ നിന്നും ബന്ധപ്പെടുന്നുണ്ട്’’ – ലാരിസ പറഞ്ഞു.
ഇതിനിടെ, ബ്രസീലിയൻ മോഡലിൻ്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ട വോട്ടർ ഐഡികളിൽ ഒന്നുള്ള സ്ത്രീയുമായി സിഎൻഎൻ-ന്യൂസ്18 സംസാരിച്ചു. പിങ്കി ജുഗിന്ദർ കൗഷിക് എന്ന് തിരിച്ചറിഞ്ഞ ഈ സ്ത്രീ, ചിത്രത്തിലെ പൊരുത്തക്കേട് ഒരു ക്ലറിക്കൽ പിശക് മാത്രമാണെന്ന് വ്യക്തമാക്കി. "അതെ, ഞാൻ തന്നെയാണ് ഗ്രാമത്തിലെ സ്‌കൂളിൽ പോയി വോട്ട് ചെയ്തത്. പേരുകൾ ഒരുപോലെയാണ്, പക്ഷേ ഫോട്ടോയിൽ ഒരു പിശകുണ്ടായി- അവർ മറ്റൊരാളുടെ ചിത്രമാണ് ഉപയോഗിച്ചത്. എന്നിരുന്നാലും, ഞാൻ വോട്ട് ചെയ്തു. വോട്ട് ചെയ്യാൻ ആരും എന്നെ നിർബന്ധിച്ചില്ല. ഞാൻ എൻ്റെ സ്ലിപ്പ് കാണിച്ചതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്തിയത്," അവർ സിഎൻഎൻ-ന്യൂസ്18-നോട് പറഞ്ഞു.
അതേസമയം, ഹരിയാനയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു. ആരോപണത്തിൽ രേഖാമൂലം പരാതി നൽകണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
