ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപമുള്ള ഷംഷാബാദിലാണ് സംഭവം. കനത്ത ചൂടില്‍ വിവാഹം നടക്കുന്ന വേദിയിലേക്ക് വധു എത്തിയപ്പോള്‍ അവര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി പോലീസ് പറഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയാത്തതും മനുഷ്യത്വരഹിതമായ സാഹചര്യമാണിതെന്ന് വധു വിശേഷിപ്പിച്ചു. കൂടാതെ മുറിയില്‍ എയര്‍ കണ്ടീഷണര്‍ ക്രമീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വധു എസി ആവശ്യപ്പെട്ടതോടെ വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ രൂക്ഷമായ തര്‍ക്കം നടന്നു. വരന്‍ വധുവിനോടും കുടുംബാംഗങ്ങളോടും മോശമായി പെരുമാറിയതായി പോലീസ് അറിയിച്ചു. പിന്നാലെ വധു വിവാഹച്ചടങ്ങുകളുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വരനെ അറിയിക്കുകയും വിവാഹവേദി വിട്ടുപോകുകയും ചെയ്തു.
advertisement
വരന്റെ കുടുംബാംഗങ്ങള്‍ക്ക് തന്നോട് ബഹുമാനമില്ലെന്നും ഇത്തരമൊരു അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഒരു വീട്ടില്‍ തന്റെ ജീവിതം നരകതുല്യവുമായിരിക്കുമെന്നും വധു മാതാപിതാക്കളോട് പറഞ്ഞു.
വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് പോലീസ് സംഭവത്തില്‍ ഇടപെട്ടു. എന്നാല്‍ വധു തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഞായറാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി വധു വരനൊരുക്കിയ സ്ഥലത്തേക്ക് ശനിയാഴ്ച എത്തിയിരുന്നു,.
ഇതിനിടെ വരന്റെ കുടുംബം ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതായി ആരോപിച്ച് വധുവിന്റെ അമ്മ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.
തര്‍ക്കം രൂക്ഷമായപ്പോള്‍ വരന്റെ ഭാഗത്തുനിന്ന് ചെലവായ തുക മുഴുവന്‍ നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ വധുവിന്റെ കുടുംബം തീരുമാനിച്ചു. പണം മുഴുവന്‍ തിരികെ നല്‍കിയശേഷം അവര്‍ വിവാഹവേദി വിട്ടുപോയി, ബന്ധുക്കളിലൊരാള്‍ പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
''കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള അനന്തരഫലമാണിത്. ചൂട് ഇനി ഒരു അസൗകര്യം മാത്രമല്ല. ജീവിതനിലവാരത്തെയും ബന്ധങ്ങളെയും നിര്‍ണയിക്കുന്ന ഒരു ഘടകമായി ഇത് മാറിയിരിക്കുന്നു. ഇനി എസി ഒരു ആഡംബരമല്ല, അത് ഒരു ആവശ്യകതയായി മാറിയിരിക്കുന്നു. പാരിസ്ഥിതിക ദുരന്തങ്ങളും കടുത്ത ചൂടും നമ്മള്‍ ഗൗരവക്കോടെ എടുത്തില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യും,'' സാമൂഹിക സംഘടനയായ ഹിന്ദുസ്ഥാനി ബിരാദാരിയുടെ വൈസ് പ്രസിഡന്റ് വിശാല്‍ ശര്‍മ ദി പ്രിന്റിനോട് പറഞ്ഞു.