1.42 കോടി മുതൽമുടക്കിലാണ് പത്ഥർഗട്ടി പഞ്ചായത്തിൽ കങ്കയ് പുഴയിൽ പാലം നിർമിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ച നിർമാണം ഒരു വർഷം കൊണ്ടാണ് പൂർത്തിയായത്. ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നതിനിടയാണ് പാലം തകർന്നു വീണത്. പുഴയിലെ ശക്തമായ ഒഴുക്കിനെ തുടർന്നാണ് തകർച്ച.
പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണി പുരോഗമിക്കുന്നതിനിടയിലാണ് പാലം തകർന്നു വീണത്. നിർമാണത്തിലെ അഴിമതിയാണ് പാലം തകർന്നു വീഴാൻ കാരണമെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. ഗുണമേന്മയില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചാണ് പാലം നിർമിച്ചതെന്ന് ജനങ്ങൾ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ രംഗത്തെത്തി.
advertisement
You may also like:ബിഹാറിൽ 264 കോടി ചെലവഴിച്ച് നിർമിച്ച പാലം; ഉദ്ഘാടനം കഴിഞ്ഞ് 29 ാം ദിവസം തകർന്നു വീണു
കിഷൻജംഗ് ജില്ലയിലെ ദിഗൽബാങ്ക് ബ്ലോക്കിലുള്ള പന്ത്രണ്ടോളം ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഉപകാരപ്പെടേണ്ടിയിരുന്ന പാലമാണ് തകർന്നു വീണത്. ഗ്രാമവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തിന്റെ ഫലമായാണ് കഴിഞ്ഞ വർഷം പാലം പണി ആരംഭിച്ചത്. പ്രളയകാലത്ത് കങ്കയ് പുഴ കരകവിഞ്ഞാൽ ഒറ്റപ്പെട്ടു പോകുന്ന ഗ്രാമങ്ങൾക്ക് പാലം ആശ്വാസമാകുമെന്നായിരുന്നു പ്രതീക്ഷ.
You may also like:ഫോട്ടോയ്ക്കൊപ്പം കുറിക്കു കൊള്ളുന്ന സന്ദേശവും; സണ്ണി ലിയോൺ നൽകിയത് കങ്കണ റണൗത്തിനുള്ള മറുപടിയോ?
അതേസമയം, പ്രകൃതിക്ഷോഭത്തെ തുടർന്നാണ് പലം തകർന്നതെന്നാണ് പാലത്തിന്റെ ജൂനിയർ എഞ്ചിനീയറുടെ വാദം. പാലം നിർമാണത്തിൽ അഴിമതി നടന്നിട്ടില്ലെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും കോൺട്രാക്ടറും വ്യക്തമാക്കി.
ബിഹാറിൽ നടക്കുന്ന അഴിമതിയുടെ തെളിവാണ് ഉദ്ഘാടനത്തിന് മുമ്പ് പാലം തകർന്നു വീണതെന്ന് കോൺഗ്രസ് ആരോപിച്ചു.
സമാനമായ സംഭവം നേരത്തേയും ബിഹാറിൽ നടന്നിരുന്നു. 264 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലം ഉദ്ഘാടനം കഴിഞ്ഞ് 29ാം ദിവസം തകർന്നടിഞ്ഞത് ഗോപാൽഗഞ്ചിലായിരുന്നു. അന്നും അഴിമതി ആരോപണം ഉയർന്നിരുന്നു.