'' തൊഴിലവസരങ്ങളെപ്പറ്റിയാണ് ഇത്തവണത്തെ ബജറ്റ് പറയുന്നത്, യുവാക്കള്‍ക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങള്‍,'' എന്ന് ബിജെപി എംപിയും യുവ മോർച്ച നേതാവുമായ തേജസ്വി സൂര്യ പറഞ്ഞു. ഇതിലൂടെ യുവാക്കളുടെ പിന്തുണ ലഭിക്കുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു. ആന്ധ്രാപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ പ്രത്യേക പരിഗണന ലഭിച്ചിട്ടുണ്ട്.
തങ്ങളുടെ പ്രധാന സഖ്യകക്ഷികളായ ജനതാദള്‍ യുണൈറ്റഡിനെയും(ജെഡിയു) തെലുഗുദേശം പാര്‍ട്ടിയേയും തൃപ്തിപ്പെടുത്താന്‍ ബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. 1000- കോടി രൂപയുടെ പ്രത്യേക സഹായമാണ് ബിഹാറിനും ആന്ധ്രാപ്രദേശിനും സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയത്.
advertisement
ഇതോടെ ബജറ്റ് രണ്ട് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന തരത്തിൽ വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തെത്തി. അതേസമയം, കേന്ദ്രബജറ്റില്‍ ബിഹാറും ആന്ധ്രാപ്രദേശും തൃപ്തരാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദിക്ക് ഒരു കൂട്ടുകക്ഷി ഭരണം നടത്താന്‍ കഴിയില്ലെന്നും ചന്ദ്രബാബു നായിഡുവും നിതീഷ്‌കുമാറും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നും രാഷ്ട്രീയ പ്രതിയോഗികളില്‍നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ബജറ്റിനെ പൂര്‍ണ തൃപ്തിയോടെയാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബിജെപിക്ക് ഇന്‍ഡി സഖ്യത്തേക്കാല്‍ കൂടുതല്‍ മികച്ചൊരു സഖ്യമുണ്ടെന്നും ഇപ്പോള്‍ അവകാശപ്പെടാന്‍ കഴിയും.
ബജറ്റില്‍ ബിഹാറിന് വേണ്ടി ഫണ്ട് വകയിരുത്തിയതില്‍ തങ്ങള്‍ പൂര്‍ണ്ണ തൃപ്തരാണെന്നും പാര്‍ട്ടിയുടെ എല്ലാ അഭ്യര്‍ത്ഥനയും കേന്ദ്രം നിറവേറ്റിയെന്നും ജെഡിയു വര്‍ക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝാ ന്യൂസ് 18നോട് പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും വരും നാളുകളിൽ കൂടുതല്‍ ആനുകൂല്യങ്ങള്‍ സംസ്ഥാനത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ക്കായി 11,500 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
ബജറ്റിലെ ഈ വിഹിതത്തിലൂടെ ബിഹാറിന്റെ വികസന സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് ജെഡിയു എംപിയും കേന്ദ്രമന്ത്രിയുമായ ലല്ലന്‍ സിംഗ് പറഞ്ഞു. യുപിഎയില്‍ നിന്ന് രാഷ്ട്രീയ ജനതാ ദളിന് (ആര്‍ജെഡി) ഇത്തരത്തില്‍ വിഹിതം നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'' ഒരു പിന്നോക്ക സംസ്ഥാനമാണ് ബീഹാര്‍. സംസ്ഥാനത്തിനായി പ്രത്യേകം പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തവണത്തെ ബജറ്റില്‍ സംസ്ഥാനത്തിന് പ്രത്യേകം പാക്കേജ് ലഭിച്ചിരിക്കുന്നു,'' ലല്ലന്‍ സിംഗ് പറഞ്ഞു.
''കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ബിഹാറിന് പ്രത്യേക പാക്കേജ് നേടിക്കൊടുക്കാന്‍ ലാലുപ്രസാദ് യാദവിന് കഴിഞ്ഞിട്ടില്ല. 2015ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആദ്യമായി ബിഹാറിന് പ്രത്യേക പാക്കേജ് അനുവദിച്ചു. ഇത്തവണത്തെ ബജറ്റിലൂടെ രണ്ടാം തവണയും സംസ്ഥാനത്തിന് പ്രത്യേകം പാക്കേജ് നല്‍കിയിരിക്കുകയാണെന്ന്'' കേന്ദ്രമന്ത്രിയും ബിഹാറില്‍ നിന്നുള്ള ബിജെപി നേതാവുമായ ഗിരിരാജ് സിംഗ് പറഞ്ഞു.
ഇത്തവണത്തെ ബജറ്റിലൂടെ ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂവണിഞ്ഞുവെന്ന് ടിഡിപി നേതാവും കേന്ദ്രമന്ത്രിയുമായ കെ റാം മോഹന്‍ നായിഡു പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ അമരാവതിയ്ക്കായി 15000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായും അദ്ദേഹം പറഞ്ഞു. പോളവാരം പ്രോജക്ടിനെപ്പറ്റിയും ബജറ്റില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.