അടുത്തിടെ ബംഗളൂരുവിലെ ആര്‍ടി നഗറില്‍ 88 വയസ്സുള്ള അമ്മയെ 65 കാരന്‍ സ്വത്തിന് വേണ്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ 307 പ്രകാരം വധശ്രമത്തിന് കേസെടുക്കുയും ചെയ്തു.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച 65 കാരനായ ജോണ്‍ ഡിക്രൂസാണ് സ്വത്തിന് വേണ്ടി സ്വന്തം അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 88 വയസ്സുള്ള കാതറിന്‍ ഡിക്രൂസിന്റെ നാല് മക്കളില്‍ മൂത്തയാളാണ് ജോണ്‍. കാതറിന്റെ രണ്ട് മക്കള്‍ വിദേശത്തും അവിവാഹിതയായ ഒരു മകള്‍ ഒരു ആശ്രമത്തിലുമാണ് താമസിക്കുന്നത്. അമ്മ കാതറിനൊപ്പമാണ് ജോണ്‍ കഴിയുന്നത്. ആശ്രമത്തിൽ കഴിയുന്ന സഹോദരി നേരത്തെ തന്നെ അവരുടെ പേരിലുണ്ടായിരുന്ന വീട് ജോണിന് എഴുതി നല്‍കിയിരുന്നു.
advertisement
എന്നാല്‍ ഇപ്പോള്‍ അമ്മ താമസിക്കുന്ന വീട് കൂടി കൈക്കലാക്കുന്നതിനായാണ് ജോണ്‍ അമ്മയെ കൊല്ലാന്‍ തീരുമാനിച്ചത്. അതിന് ഇയാള്‍ ആദ്യം ചെയ്തത് അമ്മയെ പരിചരിച്ചിരുന്ന കെയര്‍ടേക്കറെ ബുദ്ധിപൂര്‍വ്വം മറ്റ് ജോലികള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് കാതറിന്റെ ഓക്‌സിജന്‍ മാസ്‌ക് നീക്കം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അല്‍പ്പസമയത്തിനകം തിരിച്ചെത്തിയ കെയര്‍ടേക്കറാണ് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന കാതറിനെ കണ്ടത്. ഉടന്‍ തന്നെ അവര്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ സ്വത്ത് തട്ടിയെടുത്തതിന് ശേഷം മാതാപിതാക്കളെ ഉപേക്ഷിക്കുന്നതും അവരെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതും പതിവ് വാര്‍ത്തയായിരിക്കുകയാണ്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മുതിര്‍ന്ന പൗരന്മാരുടെ രക്ഷക്കായി ഒരു ഹെല്‍പ്പ് ലൈന്‍ നമ്പര്‍ (1090 ) നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പേരാണ് ഇത്തരം സാഹചര്യങ്ങളെ തുടര്‍ന്ന് ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുന്നത്.
അതേസമയം,സ്വത്തുക്കള്‍ തട്ടിയെടുത്ത ശേഷം ഉപേക്ഷിക്കുന്ന മക്കളില്‍ നിന്ന് സ്വത്തുക്കള്‍ തിരിച്ചെഴുതാനും സാധിക്കുന്നതാണ്. മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് 2007 പ്രകാരമാണ് മുതിര്‍ന്ന പൗരന്മാരുടെ പേരിലേക്ക് സ്വത്തുക്കള്‍ മാറ്റി രജിസ്റ്റര്‍ ചെയ്യുന്നത്. ആക്ട് പ്രകാരം, പരാതി രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനകം കേസുകള്‍ തീര്‍പ്പാക്കാന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ കോടതിക്ക് വ്യവസ്ഥയുണ്ട്.
പല കേസുകളിലും, ഇരകള്‍ക്ക് അവരുടെ പേരില്‍ സ്വത്തുക്കള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം നഷ്ടപരിഹാരം നല്‍കാനും ഉത്തരവാകാറുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് അഞ്ച് മാസം മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് കര്‍ണാടകയിലെ ചിക്കമംഗളൂരു എസ്പി ഉമാ പ്രശാന്ത് പറയുന്നു.
എന്നാല്‍, ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്ന നിരവധി പേര്‍ സമൂഹത്തിലുണ്ടെന്ന് സന്നദ്ധപ്രവര്‍ത്തകനായ മഞ്ജുനാഥ് പറയുന്നു. പലര്‍ക്കും ഇപ്പോഴും ഹെല്‍പ്പ് ലൈനെക്കുറിച്ചും തുടര്‍ന്നുള്ള അടിയന്തര നടപടികളെക്കുറിച്ചും അറിയില്ല. ഇതിനായി ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
മക്കളില്‍ നിന്നോ മറ്റുള്ളവരില്‍ നിന്ന് ഇത്തരം ദുരിതമനുഭവിക്കുന്ന മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 1090 എന്ന നമ്പറില്‍ വിളിച്ച് അവരുടെ സാഹചര്യങ്ങള്‍ തുറന്ന് പറയാവുന്നതാണ്. ഈ സാഹചര്യങ്ങളില്‍ നിങ്ങളെ സഹായിക്കാനും അടിയന്തര പരിചരണം നല്‍കാനും നിയോഗിക്കപ്പെട്ടിട്ടുള്ള വൊളന്റിയര്‍മാര്‍ നിങ്ങളുടെ അരികിൽ എത്തും. മാത്രമല്ല പരാതിയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ഇരകള്‍ക്ക് ആരോഗ്യ സംരക്ഷണമടക്കമുള്ള സഹായങ്ങള്‍ ലഭ്യമാകുന്നതാണ്.