'' കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ആശയവിനിമയത്തില്‍ ഹിന്ദി മാത്രം ഉപയോഗിക്കുന്നത് ആശങ്കപ്പെടുത്തുന്നു,'' മോഹന്‍ദാസ് പൈ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള എംപിയായ ജോണ്‍ ബ്രിട്ടാസ് കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദിയിലുള്ള കത്തിന് മലയാളത്തില്‍ മറുപടി നല്‍കി പ്രതിഷേധിച്ച സാഹചര്യത്തിലാണ് മോഹന്‍ദാസിന്റെ പ്രതികരണം.
'' മാതൃഭാഷയിലോ ഇംഗ്ലീഷിലോ മറുപടി നല്‍കാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്. എല്ലായ്‌പ്പോഴും ഹിന്ദിയില്‍ മറുപടി നല്‍കാന്‍ കഴിയില്ല. എനിക്ക് ഹിന്ദി അറിയാം. എന്നാല്‍ കേന്ദ്രം ഹിന്ദിയില്‍ മാത്രം മറുപടി നല്‍കുന്ന രീതിയെ ഞാന്‍ എതിര്‍ക്കുന്നു. ഒരു ഭാഷയും പൗരന്‍മാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ല,'' മോഹന്‍ദാസ് പറഞ്ഞു.
advertisement
കേന്ദ്ര റെയില്‍വേ-ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രിയായ രവ്‌നീത് ബിട്ടു അയച്ച ഹിന്ദിയിലുള്ള കത്തിനാണ് കേരളത്തില്‍ നിന്നുള്ള സിപിഎം എംപിയായ ജോണ്‍ ബ്രിട്ടാസ് മലയാളത്തില്‍ മറുപടി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ദക്ഷിണേന്ത്യയിലെ എംപിമാരെ അഭിസംബോധന ചെയ്ത് എഴുതുന്ന കത്തുകള്‍ ഇംഗ്ലീഷിലായിരിക്കണമെന്ന പതിവുണ്ടെന്നും ഈ പശ്ചാത്തലത്തിലാണ് ഹിന്ദിയില്‍ ലഭിച്ച കത്തിന് മലയാളത്തില്‍ മറുപടി നല്‍കാന്‍ താന്‍ നിര്‍ബന്ധിതനായതെന്നും അദ്ദേഹം പറഞ്ഞു.
1963-ലെ ഔദ്യോഗിക ഭാഷ നിയമപ്രകാരം കേന്ദ്രസര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇംഗ്ലീഷും ഹിന്ദിയും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയത്തില്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കണമെന്നും ഈ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.