ഒരു ഗുളികയില്‍ വിവിധ ഔഷധ ചേരുവകള്‍ സംയോജിപ്പിച്ചുവരുന്നവയാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (Fixed-dose combinations) മരുന്നുകള്‍. കോക്ടെയ്ല്‍ മരുന്നുകള്‍ എന്നും ഇവ അറിയപ്പെടുന്നു.
ഈ നിരോധനം മരുന്ന് നിര്‍മ്മാതാക്കള്‍ക്കിടയില്‍ വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകും എന്നാണ് വിലയിരുത്തല്‍. സിപ്ല, ടോറന്റ്, സണ്‍ ഫാര്‍മ, ഐപിസിഎ ലാബ്സ്, ല്യൂപിന്‍ എന്നീ കമ്പനികളുടെ മരുന്നുകളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ 156 ഓളം ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകളുടെ ഉപയോഗം മനുഷ്യ ശരീരത്തിന് അപകടകരമാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടി.
advertisement
ഈ മരുന്നുകള്‍ക്ക് സുരക്ഷിതമായ ബദല്‍ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണെന്ന് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഈ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച വിഷയം കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി പരിശോധിച്ചുവെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ഡ്രഗ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് (DTAB) എന്ന സമിതി ഈ മരുന്നുകള്‍ പരിശോധിക്കുകയും ചെയ്തു. പൊതുജനതാല്‍പ്പര്യം കണക്കിലെടുത്ത്, ഈ ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും, ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940 സെക്ഷന്‍ 26 എ പ്രകാരം നിരോധിക്കേണ്ടത് അത്യാവശ്യമാണ് എന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കി.
അസെക്ലോഫെനാക് 50 എംജിയും പാരസെറ്റമോള്‍ 125 എംജിയും ചേര്‍ന്ന മരുന്ന് നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ ഉണ്ട്. നിലവില്‍ ഇത് വേദനാസംഹാരിയായി ഉപയോഗിച്ചു വരുന്നുണ്ട്. കൂടാതെ പാരസെറ്റാമോളും പെന്റാസോസൈനും ചേര്‍ന്ന സംയോഗവും നിരോധിച്ചിട്ടുണ്ട്. ലെവോസെട്രിസൈനും ഫെനിലെഫ്രൈനും ചേര്‍ന്നതാണ് നിരോധിച്ച ഇനത്തില്‍ പെടുന്ന മറ്റൊരു മരുന്ന്. ഇത് മൂക്കൊലിപ്പ്, തുമ്മല്‍ തുടങ്ങിയവയ്ക്ക് ഡോക്ടര്‍മാര്‍ സാധാരണയായി നിര്‍ദ്ദേശിച്ചു വരുന്നവയാണ്.
ഇതിനുപുറമേ പോഷകസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചു വന്നിരുന്ന മരുന്നായ മഗ്‌നീഷ്യം ക്ലോറൈഡും നിരോധിക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. പാരസെറ്റമോള്‍, ട്രാമഡോള്‍, ടോറിന്‍, കഫെയ്ന്‍ എന്നിവയുടെ സംയോഗങ്ങളും നിരോധിച്ചിട്ടുണ്ട്.
