അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കണമെന്ന അഭ്യർത്ഥന കോൺഗ്രസ് പാർട്ടി അധ്യക്ഷനിൽ നിന്ന് സർക്കാരിന് ലഭിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും അന്തരിച്ച ഡോ. മൻമോഹൻ സിങ്ങിൻ്റെ കുടുംബത്തെയും സർക്കാർ സ്ഥലം അനുവദിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചതായി വാർത്താക്കുറിപ്പിൽ പറഞ്ഞു.
സ്മാരകത്തിനായി ഒരു പ്രത്യേക സ്ഥലം അനുവദിക്കാമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ പ്രതികരണം. ഒരു ട്രസ്റ്റ് രൂപികരിച്ചതിന് ശേഷമാവും ആ സ്ഥലം കൈമാറുക എന്നും കേന്ദ്രം അറിയിച്ചു.
advertisement
ഡൽഹിയിലെ എയിംസിൽ ശ്വാസകോശ സംബന്ധമായ അസിഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു മൻമോഹൻസിങ്ങിന്റെ അന്ത്യം. ആരോഗ്യനില വഷളായതോടെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു.
ഡൽഹിലെ നിഗംബോധ്ഘട്ടിലാണ് ഇന്ന് മൻമോഹൻ സിങിന്‍റെ സംസ്കാര ചടങ്ങുകൾ നടക്കുന്നത്. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തോട് അനുബന്ധിച്ചു ശനിയാഴ്ച കേന്ദ്രസർക്കാർ ഓഫിസുകൾക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
രാഷ്ട്രപതി ദൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേർ കഴിഞ്ഞ ദിവസം മൻമോഹൻ സിങ്ങിന് ആദരാഞ്ജലി അർപ്പിച്ചിരുന്നു.