പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉടൻ തന്നെ കൂടുതൽ വ്യക്തമായ വിശദീകരണം നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒരു സാഹചര്യത്തിലും നിയന്ത്രണങ്ങൾ ദുരുപയോഗം ചെയ്യപ്പെടില്ലെന്നും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കുകയില്ലെന്നും സർക്കാർ ഉറപ്പ് നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
പാർലമെന്റ് ബജറ്റ് സമ്മേളനം നടക്കാനിരിക്കെ ഈ വിഷയം രാഷ്ട്രീയ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രതിപക്ഷം ഇത് ഒരു പ്രധാന ആശങ്കയായി ഉന്നയിക്കാൻ ശ്രമിക്കുന്നുണ്ട്. കൂടാതെ, വിഷയം സുപ്രീം കോടതിയിലും എത്തിയിട്ടുണ്ട്.
advertisement
യുജിസി നിയമത്തിൽ പറയുന്നത് എന്ത്?
സർവകലാശാലകളിലും കോളേജുകളിലും ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം കുറയ്ക്കുന്നതിനാണ് ഈ ചട്ടം രൂപീകരിച്ചതെന്ന് യുജിസി പറഞ്ഞു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വിവേചനം നേരിടുന്നുണ്ടെന്ന പരാതികൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 118.4 ശതമാനം വർധിച്ചിട്ടുണ്ട്. 2019-20 വർഷത്തിൽ 173 പരാതികളാണ് ലഭിച്ചതെങ്കിൽ 2023-24 വർഷത്തിൽ ഇത് 378 ആയി ഉയർന്നു. ഇത് ഒരു പരാതി പരിഹാര സംവിധാനത്തിന്റെ ആവശ്യകത എടുത്ത് കാണിക്കുന്നു.
പുതിയ നിയമത്തിന്റെ ചട്ടക്കൂട് പ്രകാരം ഓരോ സർവകലാശാലയും കോളേജും ഒരു ഇക്വിറ്റി കമ്മിറ്റി രൂപീകരിക്കണം. കമ്മിറ്റിയിൽ എസ്‌സി, എസ്ടി, ഒ.ബി.സി. വിഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളെയും സ്ത്രീകളെയും വികലാംഗരെയും ഉൾപ്പെടുത്തും. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ പരാതി പരിഹരിക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു കാംപസ് പരിസ്ഥിതി പ്രോത്സാഹിപ്പിക്കുന്നതിനും ഈ കമ്മിറ്റിയെ ചുമതലപ്പെടുത്തും.
വിദ്യാർഥികൾ പ്രതിഷേധിക്കുന്നത് എന്തുകൊണ്ട്?
പൊതു വിഭാഗത്തിൽ (ജനറൽ കാറ്റഗറിയിൽ) വരുന്ന ഒരു വിഭാഗം വിദ്യാർഥികൾ നിയമങ്ങൾ ഏകപക്ഷീയമാണെന്നും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ആരോപിച്ച് നിയമത്തെ എതിർക്കുന്നു. സംവരണ വിഭാഗങ്ങൾക്കെതിരായ വിവേചനത്തിൽ മാത്രമാണ് നിയമം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ജനറൽ വിഭാഗത്തില് നിന്നുള്ള വിദ്യാർഥികളുടെ പരാതികൾ അംഗീകരിക്കുന്നില്ലെന്നും ഇത് വ്യാജ കേസുകൾ ഉണ്ടാകുമെന്ന ഭയം ഉയർത്തുന്നതായും പ്രതിഷേധക്കാർ വാദിക്കുന്നു.
ഉന്നത വിദ്യാഭ്യാസത്തിൽ തുല്യ അവസരമെന്ന മനോഭാവത്തിന് വിരുദ്ധമാണ് ഈ നിയന്ത്രണമെന്ന് വാദിച്ച് പ്രതിഷേധക്കാർ സുപ്രീം കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
