ബഹുഭാഷ വിദ്യാഭ്യാസ സമ്പ്രദായമാണ് ആവശ്യമെന്ന് പറഞ്ഞ നായിഡു ആന്ധ്രയിലെ സര്‍വകലാശാലകളിലുടനീളം കുറഞ്ഞത് 10 ഭാഷകളെങ്കിലും പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞു.
'' തെലുങ്കും ഇംഗ്ലീഷും പ്രോത്സാഹിപ്പിക്കണം. ആളുകളുമായി എളുപ്പത്തില്‍ ഇടപെഴകാന്‍ ഹിന്ദി പഠിക്കുന്നതും നല്ലതാണ്,'' 2020ലെ പുത്തന്‍ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷ ഫോര്‍മുലയ്‌ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എതിര്‍പ്പുന്നയിച്ചതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കവെ അദ്ദേഹം പറഞ്ഞു.
ഭാഷ ആശയവിനിമയത്തിനുള്ള ഉപാധി മാത്രമാണെന്ന് നായിഡു കൂട്ടിച്ചേര്‍ത്തു. ബഹുഭാഷകളുടെ പഠനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭാഷയിലുള്ള പഠനം അനിവാര്യമാണെങ്കിലും ദേശീയോദ്ഗ്രഥനത്തില്‍ ഹിന്ദി ഭാഷയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാതെയും ത്രിഭാഷ ഫോര്‍മുല അംഗീകരിക്കാതിരിക്കുകയും ചെയ്താല്‍ സമഗ്രശിക്ഷ പദ്ധതിയ്ക്ക് കീഴിലുള്ള ധനസഹായം തമിഴ്‌നാടിന് നഷ്ടപ്പെടുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധം രൂക്ഷമായത്.
തമിഴ് ജനത ഈ ഭീഷണിയില്‍ വീഴില്ലെന്നും ഭരണഘടനയിലെ ഏത് അനുഛേദത്തിലാണ് ത്രിഭാഷ ഫോര്‍മുല നിര്‍ബന്ധമാണെന്ന് പരാമര്‍ശിക്കുന്നതെന്നും സ്റ്റാലിന്‍ തിരിച്ചടിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ഡിഎംകെ ആരോപിച്ചു. ഈ വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കേന്ദ്രത്തെ അനുവദിക്കില്ലെന്നും ഡിഎംകെ വ്യക്തമാക്കി.