2019ലെ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ എന്താണ് പിഴവ് സംഭവിച്ചതെന്ന് അറിയാതെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ അമ്പരന്നിരുന്നത് നാം കണ്ടതാണ്. ഒടുവില്‍ വളരെ വിഷമത്തോടെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടുവെന്ന് അന്നത്തെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ലാന്‍ഡിംഗിന്റെ അവസാന നിമിഷമാണ് മിഷന്‍ പരാജയപ്പെട്ടത്. ആ പരാജയം ചന്ദ്രയാന്‍-3യില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു നമ്മുടെ ശാസ്ത്രലോകം.
അന്ന് ദൗത്യം പരാജയപ്പെട്ടെങ്കിലും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്ത അഭിനന്ദിക്കാനും അവരെ ആശ്വസിപ്പിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ആര്‍ഒ ആസ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ ഇത്തവണ മോദി എത്തുന്നത് ചന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ശാസ്ത്രജ്ഞരെ മനസ്സ് തുറന്ന് അഭിനന്ദിക്കാനാണ്.
advertisement
ഗ്രീസ് സന്ദര്‍ശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ 7.15ഓടെയാണ് മിഷന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിസംബോധന ചെയ്തത്.
പതിറ്റാണ്ടുകള്‍ക്ക് ശേഷം നേടിയ വിജയം
ഈ ലക്ഷ്യത്തിനായി തങ്ങളുടെ ജീവിതം തന്നെ മാറ്റിവെച്ച ശാസ്ത്രജ്ഞരാണ് ചന്ദ്രയാന്‍-3 വിജയത്തില്‍ അഭിനന്ദനമര്‍ഹിക്കുന്നത്. ഒരു സുപ്രഭാതത്തിലുണ്ടായ ദൗത്യമായിരുന്നില്ല ഇത്. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ആലോചനയും കഠിനാധ്വാനവുമാണ് ഇന്ത്യയെ ഇന്ന് വിജയപഥത്തിലെത്തിച്ചിരിക്കുന്നത്. 2000ലാണ് ചന്ദ്രയാനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതെന്ന് മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞർ പറയുന്നു.
ഗ്രഹങ്ങളിലേക്കുള്ള പര്യവേക്ഷണത്തിനാവശ്യമായ സാങ്കേതിക വിദ്യയോ റോക്കറ്റുകളൊ അന്ന് രാജ്യത്തിന് സ്വന്തമായി ഇല്ലായിരുന്നു. അന്ന് അമേരിക്കയും റഷ്യയുമാണ് ബഹിരാകാശ പര്യവേക്ഷണ മേഖലയില്‍ ആധ്യപത്യം സ്ഥാപിച്ചിരുന്നത്.
” ഞങ്ങള്‍ ചാന്ദ്ര ദൗത്യത്തെപ്പറ്റിയുള്ള പദ്ധതി മുന്നോട്ട് വെച്ചു. അതിന് ഒരുപാട് സമയം വേണമെന്ന് ഞങ്ങള്‍ക്ക് മനസിലായി. ആ ലക്ഷ്യം ഭാവിയില്‍ നേടാനാകുമെന്ന വിശ്വാസത്തില്‍ അതിനായുള്ള പര്യവേക്ഷണത്തില്‍ മുഴുകി. ഈ അധ്വാനം ചന്ദ്രയാന്‍-1ലൂടെ ആദ്യവിജയം കണ്ടു,’ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മദന്‍ലാല്‍ പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള പര്യവേക്ഷണത്തിനായി അദ്ദേഹം മൂണ്‍ ഇംപാക്ട് പ്രോബ് രൂപകല്‍പ്പന ചെയ്യുകയും ചെയ്തു. ഇന്ത്യയുടെ ഗ്രഹാന്തര പര്യവേക്ഷണങ്ങളുടെ തുടക്കമായിരുന്നു അത്. ഒരു വര്‍ഷത്തിനുള്ളില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചന്ദ്രനിലെ ജലസാന്നിദ്ധ്യം സ്ഥിരീകരിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് കഴിഞ്ഞത്.
‘ഞങ്ങള്‍ക്ക് വിജയവും പരാജയവും ഉണ്ടായിട്ടുണ്ട്. എല്ലാത്തില്‍ നിന്നും ഞങ്ങള്‍ പാഠമുള്‍ക്കൊണ്ടു. ഇതുവരെയുള്ള യാത്ര വളരെ അത്ഭുതകരമായിരുന്നു. നമ്മള്‍ ഇതാ ചന്ദ്രനിലെത്തി. ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി. ഇനിയും ഏറെ ദൂരം പോകാനുണ്ട്,” അദ്ദേഹം പറഞ്ഞു.
പരാജയത്തെ വിജയമാക്കി മാറ്റി
ചന്ദ്രയാന്‍-2ന്റെ പരാജയവും ഈയടുത്ത് നടന്ന റഷ്യന്‍ ലൂണാര്‍ മിഷന്റെ തകര്‍ച്ചയും ഐഎസ്ആര്‍ഒയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നത് വരെ മാത്രമാണ് ആ ആശങ്ക നിലനിന്നത്.
ബംഗളുരുവിലെ ഇന്ത്യന്‍ ട്രാക്കിംഗ് ടെലിമെട്രി കമാന്‍ഡ് നെറ്റ്വര്‍ക്കിലെ ശാസ്ത്രജ്ഞരും ജീവനക്കാരും ഇത്തവണ ദൗത്യത്തിന്റെ വിജയത്തിനായി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് ദൗത്യം വിജയച്ചതായി പ്രഖ്യാപിച്ചതോടെയാണ് ഇവരുടെ മുഖത്തും പുഞ്ചിരി വിടര്‍ന്നത്.
” പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വിജയത്തിലേക്ക് എത്താന്‍ നമുക്ക് കഴിയുമെന്ന് ഈ ദൗത്യത്തിലൂടെ നാം തെളിയിച്ചിരിക്കുന്നു. ഇത്തവണയും നമുക്ക് ആശങ്കയുണ്ടായിരുന്നു. ചന്ദ്രനില്‍ പേടകമിറക്കല്‍ വിചാരിച്ചതിലും കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍ അത് നേരിടാന്‍ ഐഎസ്ആര്‍ഒ പൂര്‍ണ്ണ സജ്ജമായിരുന്നു,” ഐഎസ്ആര്‍ഒയിലെ സ്‌പേസ് സയൻസ് പ്രോഗ്രാം മുന്‍ ഡയറക്ടര്‍ ഡോ. പി. ശ്രീകുമാര്‍ പറഞ്ഞു.
1963ലാണ് ഇന്ത്യ ആദ്യമായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചത്. അവിടെ നിന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഇറങ്ങുന്നതിന് 3.4 ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യ നേടി.
ഇനി ഗംഗന്‍യാന്‍ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാനും സൂര്യനെപ്പറ്റി പഠിക്കാന്‍ ആദിത്യഎല്‍-1 വിക്ഷേപിക്കാനുള്ള പദ്ധതികളാണ് ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ പിന്നണിയില്‍ ഒരുങ്ങുന്നത്.