പ്രസംഗത്തിനിടെ, ചന്ദ്രയാൻ -3യുടെ ലാൻഡിംഗ് പോയിന്റ് ശിവശക്തി എന്നറിയപ്പെടുമെന്നും ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഓഗസ്റ്റ് 23 ഇനി മുതൽ ഇന്ത്യയിൽ ദേശീയ ബഹിരാകാശ ദിനമായി അറിയപ്പെടുമെന്നും പ്രഖ്യാപിച്ചു. ചന്ദ്രയാൻ-3യുടെ ആദ്യകാല പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയ ഐഎസ്ആർഒ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി ഹൃദയംഗമമായി അനുമോദിച്ചു. കൂടാതെ ചന്ദ്രയാൻ-2ന്റെ അടയാളങ്ങൾ അവശേഷിക്കുന്നയിടം ‘തിരംഗ പോയിന്റ്’ എന്നറിയപ്പെടുമെന്നും മോദി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ:
ഇന്ത്യ ചന്ദ്രനിലെത്തി! നമ്മുടെ അഭിമാനം അവിടെ സ്ഥാപിച്ചിരിക്കുന്നു! ഇതൊരു സാധാരണ നേട്ടമല്ല. അനന്തമായ ഈ പ്രപഞ്ചത്തിൽ ഇന്ത്യയുടെ ശാസ്ത്ര നേട്ടത്തിന്റെ ഗർജ്ജിക്കുന്ന പ്രഖ്യാപനമാണിത്. നമ്മുടെ ‘മൂൺ ലാൻഡർ’ ചന്ദ്രനിൽ കാലുറപ്പിച്ചിരിക്കുന്നു. ഇന്ന് ഇന്ത്യയിലെ കുട്ടികൾക്കിടയിൽ ചന്ദ്രയാൻ എന്ന പേര് മുഴങ്ങുകയാണ്. ഓരോ കുട്ടിയും അവരുടെ ഭാവി ശാസ്ത്രജ്ഞരിലാണെന്ന് കരുതുന്നു. ചാന്ദ്ര ദൗത്യത്തിന്റെ വിജയത്തിൽ നമ്മുടെ രാജ്യത്തിന്റെ നാരീശക്തിയായ വനിതാ ശാസ്ത്രജ്ഞരും വലിയ പങ്കുവഹിച്ചു.
advertisement
ഓഗസ്റ്റ് 23ന് ഇന്ത്യ ചന്ദ്രനിൽ രാജ്യത്തിന്റെ പതാക ഉയർത്തി. ഇനി മുതൽ ആ ദിവസം ഇന്ത്യയിൽ ദേശീയ ബഹിരാകാശ ദിനമായി അറിയപ്പെടും. ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്നറിയപ്പെടും. ചന്ദ്രയാൻ 2 അതിന്റെ മുദ്ര അവശേഷിപ്പിച്ച ഇടം ഇനി ‘തിരംഗ പോയിന്റ്’ എന്നും അറിയപ്പെടും. ഇന്ന്, വ്യാപാരം മുതൽ സാങ്കേതികവിദ്യയിൽ വരെ ഇന്ത്യ ഒന്നാം നിരയിലെത്തി നിൽക്കുന്നു. ഇന്ത്യയെ ‘മൂന്നാം നിരയിൽ’ നിന്ന് ‘മുൻ നിരയിലെത്തിക്കാൻ’ ഐഎസ്ആർഒ പോലുള്ള കേന്ദ്രങ്ങൾ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ കാലഘട്ടത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യയിൽ മുന്നിൽ നിൽക്കുന്ന രാജ്യമായിരിക്കും മുന്നേറുക.
നിങ്ങൾ ‘മേക്ക് ഇൻ ഇന്ത്യ’ ചന്ദ്രനിൽ വരെയെത്തിച്ചു. നിങ്ങൾ ഒരു തലമുറയെ മുഴുവൻ ഉണർത്തുകയും അവരിൽ ആഴത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്തുവെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 2019-ൽ ചന്ദ്രനിൽ ഇറങ്ങാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ ബുധനാഴ്ച്ച ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയായിരുന്നു. അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന എന്നിവയാണ് മുൻപ് ചന്ദ്രനിൽ പേടകം ഇറക്കിയിട്ടുള്ള രാജ്യങ്ങൾ.