വിദേശത്ത് ആയിരുന്നെങ്കിലും എന്റെ മനസ്സ് ഇവിടെയായിരുന്നെന്നും മോദി ഇസ്ട്രാക്കിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ലോകത്ത് ശാസ്ത്രത്തിലും ഭാവിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഇന്ത്യയുടെ നേട്ടത്തിൽ സന്തോഷിക്കുമെന്ന് മോദി അറിയിച്ചു.
”വലിയ ശാസ്ത്ര സമസ്യകൾ പരിഹരിക്കാൻ ഇന്ത്യയ്ക്ക് കഴിയും. ഇത് വെറും നേട്ടമല്ല, ബഹിരാകാശത്ത് ഇന്ത്യയുടെ ശംഖനാദമാണ്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഒരോ ഇന്ത്യക്കാരനും സ്വന്തം നേട്ടം പോലെ ആഘോഷിച്ചു”- മോദി പറഞ്ഞു.
ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്കി(ഇസ്ട്രാക്)ൽ എത്തിയ മോദിയെ ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സോമനാഥിനെ ആലിംഗനം ചെയ്ത മോദി ഒപ്പമുണ്ടായിരുന്ന ശാസ്ത്രജ്ഞരെ അഭിനന്ദനം അറിയിച്ചു. ഗ്രീസ് സന്ദർശനം പൂർത്തിയാക്കി നേരിട്ടു ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു. ഇസ്രോയുടെ ശാസ്ത്രനേട്ടത്തിൽ അഭിമാനമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സമർപ്പണവും അഭിനിവേശവുമാണ് ബഹിരാകാശ മേഖലയിൽ രാജ്യത്തിന്റെ നേട്ടങ്ങൾക്കു പിന്നിലെ ചാലകശക്തിയെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരുന്നു. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ പുരോഗതിയെ കുറിച്ച് ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയെ അറിയിച്ചു.
എച്ച്എഎൽ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ബിജെപി പ്രവർത്തകർ വലിയ സ്വീകരണം ഒരുക്കിയിരുന്നു. പീനീയയിൽ ഒരു കിലോമീറ്റർ ദൂരം റോഡ് ഷോയിൽ നരേന്ദ്ര മോദി പങ്കെടുത്തു. ബുധനാഴ്ചയാണ് ചന്ദ്രയാൻ വിജയകരമായി ലാൻഡ് ചെയ്യിച്ച് ഇന്ത്യ ചരിത്രം കുറിച്ചത്. അതിസങ്കീര്‍ണമായ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക് ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്തതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, സോവിയറ്റ് യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. റഷ്യയുടെ ലൂണ 25 പേടകം ചന്ദ്രനിൽ ഇറങ്ങാൻ കഴിയാതെ പരാജയപ്പെട്ട് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് നടത്തിയത്.