ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴ തുടരുന്നതിനാൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ ഗ്രേറ്റർ ചെന്നൈ കോർപറേഷൻ മഴക്കെടുതികളെ കുറിച്ച് അവലോകനയോഗം ചേർന്നു. ദുരിതാശ്വാസപ്രവർത്തനങ്ങളെക്കുറിച്ച് യോഗം വിലയിരുത്തി.
അടുത്ത മണിക്കൂറുകളിൽ തിരുവള്ളൂർ, കാഞ്ചീപുരം, വെല്ലൂർ, റാണിപെട്ട്, ചെങ്കൽപെട്ട്, വിരുദുനഗർ, കന്യാകുമാരി ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത മൂന്നു മണിക്കൂറിൽ തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദക്ഷിണറെയിൽവേ ചെന്നൈയിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ലോകമാന്യതിലകിലേക്കുള്ള ട്രെയിൻ ചെന്നൈ ബീച്ച് സ്റ്റേഷനിൽനിന്നായിരിക്കും പുറപ്പെടുക. ബംഗളുരുവിലേക്കുള്ള ശതാബ്ദി എക്സ്പ്രസും ബീച്ച് സ്റ്റേഷനിൽനിന്ന് പുറപ്പെടും. കനത്ത മഴയെ തുടർന്ന് സെൻട്രൽ സ്റ്റേഷനിൽ വെള്ളക്കെട്ട് ഉണ്ടായതോടെയാണ് ട്രെയിനുകൾ പുറപ്പെടുന്ന സ്റ്റേഷൻ മാറ്റിയത്.
advertisement