ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിയായ പത്മ, ജനുവരി 11-ന് ടി. നഗറിലെ മുപ്പത്തമ്മൻ കോവിൽ സ്ട്രീറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു പ്ലാസ്റ്റിക് ബാഗ് കണ്ടത്. മാലിന്യമാണെന്ന് കരുതി തുറന്നുനോക്കിയ പത്മ അതിനുള്ളിൽ സ്വർണ്ണമാലകളും വളകളും കമ്മലുകളും കണ്ട് ഞെട്ടിപ്പോയി. ഉടൻ തന്നെ അവർ വിവരം മേലുദ്യോഗസ്ഥരെ അറിയിക്കുകയും തുടർന്ന് പോണ്ടി ബസാർ പോലീസ് സ്റ്റേഷനിൽ ബാഗ് ഏൽപ്പിക്കുകയും ചെയ്തു.
"ഈ സ്വർണ്ണം നഷ്ടപ്പെട്ട കുടുംബം അനുഭവിക്കുന്ന വേദനയെക്കുറിച്ചാണ് ഞാൻ ആദ്യം ചിന്തിച്ചത്. അവരുടെ സങ്കടം തീർക്കാൻ അത് പോലീസിനെ ഏൽപ്പിക്കാൻ ഞാൻ തീരുമാനിച്ചു," പത്മ തന്റെ നിലപാടിനെക്കുറിച്ച് പറഞ്ഞു.
advertisement
പോലീസ് നടത്തിയ പരിശോധനയിൽ 45 പവനിലധികം തൂക്കം വരുന്ന ആഭരണങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്ന് വ്യക്തമായി. സ്വർണ്ണം നഷ്ടപ്പെട്ട നങ്കനല്ലൂർ സ്വദേശി രമേശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അദ്ദേഹത്തെ വിളിച്ചുവരുത്തി രേഖകൾ പരിശോധിച്ച ശേഷം സ്വർണ്ണം കൈമാറി. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ കൈവണ്ടിയിൽ വെച്ചു മറന്നുപോയതായിരുന്നു ഈ സ്വർണ്ണമെന്ന് രമേശ് പറഞ്ഞു.
പത്മയുടെ കുടുംബം നേരത്തെയും ഇത്തരം സത്യസന്ധത കാണിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കോവിഡ് ലോക്ക്ഡൗൺ സമയത്ത് പത്മയുടെ ഭർത്താവ് സുബ്രഹ്മണിക്കും മറീന ബീച്ചിന് സമീപം നിന്ന് 1.5 ലക്ഷം രൂപ ലഭിച്ചിരുന്നു, അന്നും അദ്ദേഹം അത് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. വാടക വീട്ടിൽ താമസിച്ച് രണ്ട് മക്കളെ വളർത്തുന്ന ഈ കുടുംബത്തിന്റെ സത്യസന്ധതയെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും പത്മയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി നൽകുകയും ചെയ്തു.
