അതിദാരിദ്ര്യമുക്തമാകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തെ അഭിനന്ദിച്ച് ചൈന. ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയ്ഹോങ് ആണ് കേരളത്തെ അഭിനന്ദിച്ചത്. ചരിത്രപരമായ നേട്ടത്തിൽ കേരളത്തെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രമടക്കം പങ്കുവച്ചായിരുന്നു അഭിനന്ദനം.
advertisement
"കടുത്ത ദാരിദ്ര്യം അവസാനിപ്പിക്കുന്നതിൽ ചരിത്രപരമായ നേട്ടം കൈവരിച്ച കേരളത്തിന് ഊഷ്മളമായ അഭിനന്ദനങ്ങൾ. ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മനുഷ്യരാശിയുടെ പൊതു ദൗത്യമാണ്." ഷു ഫെയ്ഹോങ് എക്സിൽ കുറിച്ചു.
ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത്. ചലച്ചിത്ര താരം മമ്മൂട്ടിയടക്കം നിരവധി വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. രാവിലെ നിയമസഭയിലും പ്രഖ്യാപനം നടത്തിയിരുന്നു.
