ജമ്മുവിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആസ്ഥാനത്തിന് സമീപമുള്ള സിദ്ര പ്രദേശത്ത് നിന്ന് ഞായറാഴ്ച ജമ്മു കശ്മീർ പോലീസ് ചൈനീസ് നിർമിത അസോൾട്ട് റൈഫിളിന്റെ ടെലിസ്കോപ്പ് ( ദൂരദർശിനി) കണ്ടെടുത്തു.ജമ്മു പ്രവിശ്യയിലുടനീളം സുരക്ഷ ശക്തമാക്കുന്നതിനിടയിലാണ് സംഭവം.
advertisement
ചൈനീസ് അടയാളങ്ങൾ പതിച്ചതും സാധാരണയായി ആക്രമണ, സ്നൈപ്പർ റൈഫിളുകളിൽ ഘടിപ്പിക്കാൻ ഉപയോഗിക്കുന്നതുമായ ഉപകരണം, എൻഐഎ ഓഫീസിനും ജമ്മു കശ്മീർ പോലീസിന്റെ സുരക്ഷാ ആസ്ഥാനത്തിനും ഇടയിലുള്ള ഭൂമിയിൽ നിന്നാണ് കണ്ടെത്തിയത്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), സശസ്ത്ര സീമ ബൽ (എസ്എസ്ബി) എന്നിവയുടെ ബറ്റാലിയൻ ആസ്ഥാനത്തിനും സമീപമാണ് ഈ പ്രദേശം.
സ്ഥലത്തെത്തിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് പ്രതികരിച്ചില്ല. എന്നിരുന്നാലും, തീവ്രവാദികൾ സാധാരണയായി ഇത്തരം ദൂരദർശിനികൾ ഉപയോഗിക്കുന്നതിനാൽ, കണ്ടെത്തൽ ആശങ്ക ഉയർത്തുന്നുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
അതിർത്തിക്കപ്പുറത്തുനിന്നും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉണ്ടാകാമെന്ന ഇന്റലിജൻസ് വിവരങ്ങളെത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി, ജമ്മു കശ്മീർ പോലീസും മറ്റ് സുരക്ഷാ സേനകളും അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള സ്ഥലങ്ങൾ മുതൽ നിയന്ത്രണ രേഖയിലെ പർവതപ്രദേശങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് അസോൾട്ട് റൈഫിളിന്റെ ടെലിസ്കോപ്പ് കണ്ടെടുത്തത് എന്നത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
ജമ്മു, സാംബ, കതുവ, രജൗരി ജില്ലകൾക്ക് എതിർവശത്തുള്ള അതിർത്തിയിലെ ലോഞ്ച് പാഡുകളിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, തീവ്രവാദ ഗ്രൂപ്പുകൾ ഈ മേഖലയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുമെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ശക്തമാക്കിയത്.
ഓപ്പറേഷൻ സിന്ദൂരിന് ശേഷം, ജമ്മു പ്രവിശ്യയിലുടനീളം നിരവധി ഭീകര ലോഞ്ച് പാഡുകൾ പാകിസ്ഥാൻ വീണ്ടും സജീവമാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ മാസം ഒരു മുതിർന്ന അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള സിയാൽകോട്ട്, സഫർവാൾ സെക്ടറുകളിലായി 12 ഉം നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് 60 ഉം ഉൾപ്പെടെ ഏകദേശം 72 ലോഞ്ച് പാഡുകൾ സജീവമായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
