പ്രമുഖർ നിറഞ്ഞ എൻഡിഎ സഖ്യത്തിൽനിന്ന് 29 മണ്ഡലങ്ങൾ വിലപേശലിലൂടെ നേടിയെടുത്ത ലോക് ജനശക്തി പാർട്ടി (രാം വിലാസ്), അതിൽ 22 സീറ്റുകളിലും മുന്നിലെത്തി വിജയം ഉറപ്പിച്ചുകൊണ്ട് കഴിവ് തെളിയിച്ചു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 5 സീറ്റുകളിലും പാർട്ടി വിജയിച്ചതിന് പിന്നാലെയുള്ള ഈ നേട്ടം, പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാന്റെ രാഷ്‌ട്രീയ മൂല്യം വൻതോതിൽ വർധിപ്പിക്കുമെന്നുറപ്പാണ്.
ഇതും വായിക്കുക: Bihar Election Results 2025 Live Updates: ബിഹാറിൽ 200 കടന്ന് എൻഡിഎ ലീഡ് നില; BJPയുടെ ലീഡ് 90 സീറ്റുകളിൽ
advertisement
2020-ലെ തിരിച്ചടിയിൽ നിന്നുള്ള മടങ്ങിവരവ്
2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ലോക് ജനശക്തി പാർട്ടി (എൽജെപി) രാഷ്‌ട്രീയ ഭൂപടത്തിൽ നിന്ന് ഏതാണ്ട് എഴുതിത്തള്ളപ്പെട്ട സ്ഥിതിയായിരുന്നു. നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് അന്നത്തെ അവിഭക്ത എൽജെപി ഒറ്റയ്ക്ക് മത്സരിച്ചത്. നിതീഷിനോടുള്ള എതിർപ്പ് കാരണം മുന്നണി വിട്ട ചിരാഗ്, എൻഡിഎയുടെ ഭാഗമായിരുന്ന ജെഡിയു സ്ഥാനാർത്ഥികൾക്കെതിരെ സ്ഥാനാർത്ഥികളെ നിർത്തിയാണ് തന്റെ പ്രതികാരം തീർത്തത്. ആ തിരഞ്ഞെടുപ്പിൽ ജെഡിയു ദയനീയമായി പിന്നോട്ട് പോവുകയും ബിജെപി മുന്നണിയിലെ വലിയ കക്ഷിയാവുകയും ചെയ്തു. എങ്കിലും 130ൽ അധികം സീറ്റുകളിൽ മത്സരിച്ച ചിരാഗിന്റെ പാർട്ടിക്ക് ഒന്നുമാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ.
ബിഹാർ രാഷ്‌ട്രീയത്തിലെ അതികായനായ രാം വിലാസ് പാസ്വാന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാനുള്ള വ്യക്തിപ്രഭാവമോ രാഷ്‌ട്രീയ തന്ത്രജ്ഞതയോ ചിരാഗിന് ഇല്ലെന്ന് അന്ന് പല രാഷ്‌ട്രീയ നിരീക്ഷകരും വിലയിരുത്തിയിരുന്നു. എന്നാൽ, കഠിനമായ പോരാട്ടത്തിലൂടെ ഒരു ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ചിരാഗ് പാസ്വാൻ ഇന്ന് കഴിവ് തെളിയിച്ചിരിക്കുന്നത്.
'യുവ ബിഹാറി'യുടെ തന്ത്രങ്ങൾ
ഇന്ത്യൻ രാഷ്‌ട്രീയത്തില്‍ 43 വയസ്സ് എന്നത് തീരെ ചെറുപ്പമായാണ് കണക്കാക്കപ്പെടുന്നത്. സ്വയം 'യുവ ബിഹാറി' എന്ന് വിശേഷിപ്പിച്ചാണ് ചിരാഗ് തന്റെ നിലപാട് ഉറപ്പിച്ചത്. ഒപ്പം, ദളിത് പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുന്ന തൻ്റെ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ചിരാഗും പാർട്ടിയും നടത്തിയ കഠിനാധ്വാനം 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ ഫലം കണ്ടു; പാർട്ടി മത്സരിച്ച അഞ്ച് മണ്ഡലങ്ങളിലും വിജയം നേടാൻ അവർക്കായി.
ഈ വിജയം ഉണ്ടായിരുന്നിട്ടും, നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയിലെ പ്രധാന കക്ഷികളായ ബിജെപിയും ജെഡിയുവും 20ൽ കൂടുതൽ സീറ്റുകൾ എൽജെപിക്ക് (ആർവി) വിട്ടുനൽകാൻ വിമുഖത കാണിച്ചതായാണ് റിപ്പോർട്ടുകൾ. തുടർന്ന് ചിരാഗ്, പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുമായി ചർച്ചകൾ നടത്തി സമ്മർo തന്ത്രം പ്രയോഗിച്ചു. ഒടുവിൽ ഭരണസഖ്യത്തിൽ നിന്ന് 29 മണ്ഡലങ്ങൾ നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി താൻ അവകാശവാദം ഉന്നയിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് ചിരാഗ് സൂചന നൽകിയിരുന്നു.
