ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു കോട്ടൈ ഈശ്വരന്‍ കോവിലിന് മുന്നില്‍ കാറില്‍ സ്‌ഫോടനുമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ടു സിലിണ്ടറുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ കാര്‍ രണ്ടായി പിളരുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജമേഷ മുബിനിന്റെ വീട്ടില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ പോലുള്ള വസ്തു വണ്ടിയിലേക്ക് കയറ്റുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു.
പഴയ തുണികള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന ജമേഷ മുബിനിന്റെ വീട്ടില്‍ ഉന്നത പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍ തുടങ്ങിയവ കണ്ടെത്തി. സ്‌ഫോടനം നടന്ന കാറില്‍നിന്ന് നിറയെ ആണികളും കണ്ടെത്തിയിരുന്നു. എഞ്ചിനീയറിങ് ബിരുദമുള്ള ജമേഷയെ 2019ല്‍ ഒരു കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. സ്‌ഫോടനത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്.
advertisement
സ്ഫോടനം നടന്നത് ക്ഷേത്രത്തിന് തൊട്ടുമുന്നിലായതുകൊണ്ട് ദുരൂഹതയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു.അന്വേഷണം തീവ്രവാദ സംഘടനയായ അല്‍ ഉമ്മയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. 1998 ലെ കോയമ്പത്തൂര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തത് അല്‍-ഉമ്മയായിരുന്നു.
ഇതിനിടെ, കോയമ്പത്തൂര്‍ സ്‌ഫോടന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം കേരളത്തിലുമെത്തുമെന്നാണ് വിവരം. ജമേഷ മുബിനുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ തേടിയാണ് എന്‍ഐഎ സംഘമെത്തുക. വിയ്യൂര്‍ ജയിലിലുള്ള അസ്ഹറുദ്ദീന്‍ എന്ന പ്രതിയെ വിയ്യൂര്‍ ജയിലിലെത്തി ജമേഷ കണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജയിലിലെ സന്ദര്‍ശക വിവരങ്ങള്‍ ഏജന്‍സി ശേഖരിച്ചു. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് അസ്ഹറുദ്ദീന്‍ ജയിലിലുള്ളത്.
കേരളത്തിലെ ഐസിസ് ആഭിമുഖ്യമുള്ള ചില സംഘടനകളിലുള്ളവർക്ക് സ്ഫോടനവുമായി ബന്ധമുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ബഹുദൈവാരാധനയുള്ള മതവിഭാഗങ്ങളുടെ പ്രത്യേക ആഘോഷദിവസങ്ങളിൽ സ്ഫോടനം നടത്തുന്ന രീതി മുൻപ് ചില സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. ഇന്നലെ ദീപാവലി ദിവസമായിരുന്നു കോയമ്പത്തൂരിലെ സ്ഫോടനം. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കാനാണ് തീരുമാനം. അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.