അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ ന്യായീകരിച്ചുകൊണ്ടുള്ളതായിരുന്നു ശശി തരൂരിന്റെ കുറിപ്പ്. ഒറ്റ എപ്പിസോഡില്‍ മുതിര്‍ന്ന ബിജെപി നേതാവിനെ വിലയിരുത്താന്‍ കഴിയില്ലെന്ന് പറഞ്ഞ തരൂര്‍ പൊതുസേവനത്തോടുള്ള അദ്വാനിയുടെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, ആധൂനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എന്നിവയെ പ്രശംസിക്കുകയും ചെയ്തു.
ഇത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ശശി തരൂരിന്റെ ഈ പരാമര്‍ശങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച കോണ്‍ഗ്രസ് നേതൃത്വങ്ങൾ തരൂര്‍ അദ്ദേഹത്തിനു വേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്നും ആരോപിച്ചു. ബിജെപി നേതാവിന്റെ യഥാര്‍ത്ഥ ചരിത്രത്തെ വെള്ളപൂശാനാണ് തരൂര്‍ അദ്ദേഹത്തിന്റെ ആശംസയിലൂടെ ശ്രമിച്ചതെന്നും ആരോപണങ്ങളുയര്‍ന്നു.
advertisement
അദ്വാനി വെറുപ്പിന്റെ വിത്തുകള്‍ അഴിച്ചുവിട്ടതിനെ പൊതുസേവനം എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് 1990-ല്‍ നടത്തിയ രാമ രഥയാത്രയെ പരമാര്‍ശിച്ചുകൊണ്ട് സുപ്രീം കോടതി അഭിഭാഷകനായയ സഞ്ജയ് ഹെഡ്‌ഗെ പറഞ്ഞു. ഇതിന് ശശി തരൂര്‍ മറുപടിയും നല്‍കി. അദ്വാനിയുടെ നീണ്ട സേവന കാലത്തെ അത് എത്ര പ്രധാനമാണെങ്കിലും ഒറ്റ എപ്പിസോഡിലേക്ക് ചുരുക്കുന്നത് അനീതിയാണെന്നായിരുന്നു തരൂരിന്റെ വാദം.
നെഹ്‌റുവിന്റെ ജീവിതത്തെ ചൈനയുമായുണ്ടായ പരാജയത്തിലൂടെ മാത്രം നിര്‍വചിക്കാന്‍ ആകില്ലെന്നും ഇന്ദിരാഗാന്ധിയെ അടിയന്തരാവസ്ഥയുടെ പേരില്‍ മാത്രം വിലയിരുത്താനാകില്ലെന്നും അദ്വാനി ജിയോടും അതേ മര്യാദ കാണിക്കണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും തരൂര്‍ മറുപടിയായി കുറിച്ചു.
"എപ്പോഴത്തെയും പോലെ ശശി തരൂര്‍ തനിക്കുവേണ്ടി തന്നെ സംസാരിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ പരാമര്‍ശങ്ങളോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. കോണ്‍ഗ്രസ് എംപിയും സിഡബ്ല്യുസി അംഗവുമെന്ന നിലയില്‍ അദ്ദേഹം അത് തുടരുന്നുവെന്നത് പാര്‍ട്ടിയുടെ ജനാധിപത്യപരവും ലിബറല്‍ മനോഭാവവുമാണ് പ്രതിഫലിപ്പിക്കുന്നത്", പാര്‍ട്ടിയുടെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേര പറഞ്ഞു.
തരൂരിനെ വിമര്‍ശിക്കുകയും അദ്ദേഹത്തിന്റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസിനെ ബിജെപി നേതൃത്വം രൂക്ഷമായി വിമര്‍ശിച്ചു.
"കോണ്‍ഗ്രസ് പറയുന്നത് തരൂര്‍ പാര്‍ട്ടിക്കുവേണ്ടിയല്ല തനിക്കുവേണ്ടി മാത്രമേ സംസാരിക്കൂ എന്നാണ്. കാരണം കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും വേണ്ടി സംസാരിക്കാന്‍ ഒരു കുടുംബത്തിന് മാത്രമേ അനുവാദമുള്ളൂ. രാഷ്ട്രീയം ഒരു കുടുംബ ബിസിനസായി മാറിയെന്നാണ് തരൂര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടി ഉടന്‍ തന്നെ അത് കാണിച്ചുതന്നു", ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
രാഷ്ട്രീയ മര്യാദയുടെ പേരില്‍ എല്‍കെ അദ്വാനിക്ക് ജന്മദിനാശംസ നേര്‍ന്നതാണ് ശശി തരൂര്‍ ചെയ്ത ഒരേയൊരു കുറ്റമെന്നും ഇപ്പോള്‍ അത് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുടെ രോഷത്തിന് കാരണമായിരിക്കുന്നുവെന്നും കോണ്‍ഗ്രസ് ഇപ്പോള്‍ തരൂരിനെതിരെ ഒരു ഫത്വ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരിനുശേഷം സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി പ്രതിപക്ഷ എംപിമാരെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണായക നേതൃത്വം നല്‍കിയ എല്‍കെ അദ്വാനിയെ സർക്കാർ ഭാരതരത്‌നം നല്‍കി ആദരിച്ചിരുന്നു. രാമജന്മഭൂമി ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് 1990 സെപ്റ്റംബര്‍ 25-ന് ഗുജറാത്തിലെ സോമനാഥില്‍ നിന്നും അദ്ദേഹം രാമ രഥയാത്ര സംഘടിപ്പിച്ചു. ആ പരിപാടി ബീഹാറില്‍ നിര്‍ത്തിവെക്കുകയും അന്നത്തെ പ്രധാനമന്ത്രി വിപി സിംഗിന്റെ നിര്‍ദ്ദേശപ്രകാരം അദ്വാനിയെ അറസ്റ്റു ചെയ്യുകയും ചെയ്തു.
യാത്രയ്ക്ക് രണ്ട് വര്‍ഷത്തിന് ശേഷം 1992 ഡിസംബര്‍ 6-ന് അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചുമാറ്റി. 2024 ജനുവരി 22-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണ്‍ പ്രതിഷ്ഠ ചടങ്ങ് നിര്‍വഹിച്ചുകൊണ്ട് രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി ഔദ്യോഗികമായി തുറന്നുകൊടുത്തു.
