''പത്മശ്രീ പുരസ്‌കാരം നേടിയതിൽ വി. കാമകോടിക്ക് അഭിനന്ദനങ്ങൾ. ഗോമൂത്രത്തെ ലോക പ്രശസ്തമാക്കുന്നതിൽ, മദ്രാസ് ഐഐടിയിൽ ഗോമൂത്രത്തെക്കുറിച്ച് താങ്കൾ നടത്തിയ പരമോന്നതമായ സാങ്കേതിക ഗവേഷണത്തെ രാഷ്ട്രം അംഗീകരിച്ചിരിക്കുന്നു,'' പുരസ്‌കാര പ്രഖ്യാപനത്തോട് കാമകോടി പ്രതികരിക്കുന്നതിന്റെ വീഡിയോയ്‌ക്കൊപ്പം കോൺഗ്രസിന്റെ കേരള ഘടകം പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ഇതാദ്യമായല്ല കേരളത്തിലെ കോൺഗ്രസ് സംസ്ഥാനത്തിന് പുറത്തുള്ള കാര്യങ്ങളിൽ എക്സിൽ പറയുന്ന അഭിപ്രായം വിവാദമാകുന്നത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറികളെ പരിഹസിച്ചുകൊണ്ടുള്ള 'ബീഡിയും ബിഹാറും തുടങ്ങുന്നത് ബി എന്ന അക്ഷരത്തിലാണ്' എന്ന എക്സ് പോസ്റ്റ് വിവാദമായിരുന്നു. അന്ന് വി ടി ബൽറാം ആയിരുന്നു കേരള സൈബർ മീഡിയ തലവൻ. പോസ്റ്റ് ബിഹാറിൽ ബിജെപി ഏറ്റെടുത്തതിനും തിരഞ്ഞെടുപ്പ് പരാജയത്തിനും പിന്നാലെ ബൽറാം സ്ഥാനം ഒഴിഞ്ഞിരുന്നു. എറണാകുളം എംപി ഹൈബി ഈഡനാണ് ഇപ്പോൾ ആ ചുമതല വഹിക്കുന്നത്.
advertisement
വിദ്യാഭ്യാസ മേഖലയ്ക്ക് കാമകോടി നൽകിയ സംഭാവനകളുടെ പേരിലാണ് പുരസ്‌കാരം നൽകിയതെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു.
ദേശീയ വികസന ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാൻ പത്മശ്രീ പുരസ്‌കാരം തനിക്ക് പ്രചോദനമാണെന്ന് വീഡിയോയിൽ കാമകോടി പറഞ്ഞു. ''പത്മശ്രീ പുരസ്‌കാരം എന്നെ സംബന്ധിച്ച് ഒരു കാര്യം മാത്രമാണ് അർത്ഥമാക്കുന്നത്. വികസിത് ഭാരത്@2047 എന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിനായി ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും,'' അദ്ദേഹം പറഞ്ഞു.
2022 മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയാണ് കാമകോടി. വിദ്യാഭ്യാസ മേഖലയ്ക്കും ഗവേഷണത്തിനുമുള്ള സംഭാവനകൾ മുൻനിർത്തിയാണ് അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകിയത്. കംപ്യൂട്ടർ വിദഗ്ധനായ അദ്ദേഹം കംപ്യൂട്ടർ ആർക്കിടെക്ചർ, മൈക്രോപ്രൊസസ്സർ ഡിസൈൻ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് പേരുകേട്ടതാണ്. കൂടാതെ, ഐഐടി മദ്രാസിൽ നിരവധി അക്കാദമിക്, സ്ഥാപക സംരംഭങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം കാമകോടി ഒരു പൊതുപരിപാടിയിൽ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. തദ്ദേശീയമായ വിജ്ഞാന സംവിധാനങ്ങളെക്കുറിച്ചും ജൈവകൃഷിയെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെ ഗോമൂത്രത്തിന്റെ ഔഷധഗുണകളെക്കുറിച്ച് കാമകോടി നടത്തിയ പരാമർശമാണ് വിമർശനത്തിന് വഴി വെച്ചത്. രാജ്യത്തെ പ്രശസ്തമായ സാങ്കേതിക സ്ഥാപനത്തിന്റെ തലവന് അശാസ്ത്രീയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കളും യുക്തിവാദി സംഘടനകളും കാമകോടിക്കെതിരേ രംഗത്തെത്തിയിരുന്നു.
കോൺഗ്രസ് നേതാക്കൾ ഈ അഭിപ്രായങ്ങളെ കപടശാസ്ത്രമെന്നാണ് വിശേഷിപ്പിച്ചത്. ഡിഎംകെ, അണ്ണാഡിഎംകെ നേതാക്കളും പ്രസ്താവനയെ ചോദ്യം ചെയ്തിരുന്നു. വ്യക്തിപരമായ വിശ്വാസങ്ങളെ ശാസ്ത്രീയ അവകാശവാദങ്ങളായി ഉയർത്തിക്കാട്ടരുതെന്ന് വാദിച്ച ചിലർ കാമകോടി ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സാങ്കേതികവിദ്യാ രംഗത്തും ബിസിനസ് മേഖലയിൽ നിന്നുമുള്ള നിരവധി പ്രമുഖർ കാമകോടിക്ക് പിന്തുണ നൽകിയിരുന്നു. അദ്ദേഹം പ്രൊഫഷണൽ രംഗത്ത് നൽകിയ സംഭാവനകളെ ഈ പരാമർശങ്ങളുടെ പേരിൽ ചെറുതാക്കരുത് എന്ന് അവർ പറഞ്ഞു.
