ഭരണഘടനാ ദിനത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് കുമാര്‍ കേത്കര്‍ പാര്‍ട്ടിയുടെ മുന്‍കാല തിരഞ്ഞെടുപ്പ് ചരിത്രത്തെ അനുസ്മരിച്ചത്. 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 145 സീറ്റുകള്‍ നേടിയിരുന്നതായും അഞ്ച് വര്‍ഷത്തിനുശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 206 സീറ്റ് നേടിയതായും കേത്കര്‍ പറഞ്ഞു. ഈ പ്രവണത തുടര്‍ന്നിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് 250 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്താമായിരുന്നുമെന്നും 2014-ല്‍ പാര്‍ട്ടി നേടിയ സീറ്റുകളുടെ എണ്ണം 44 ആയി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
"അപ്പോഴാണ് ഗെയിം ആരംഭിച്ചത്. ഒരു സാഹചര്യത്തിലും കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 206-ല്‍ നിന്ന് ഉയരരുതെന്ന് തീരുമാനിക്കപ്പെട്ടു", കേത്കര്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസിനെ 206-ല്‍ നിന്ന് താഴെയിറക്കിയില്ലെങ്കില്‍ ഇന്ത്യയില്‍ തങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലെന്ന വിശ്വാസത്തിലാണ് ചില വിദേശ ഏജന്‍സികള്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഒരു ഏജന്‍സി അമേരിക്കയുടെ സിഐഎയും മറ്റൊന്ന് ഇസ്രായേലിന്റെ മൊസാദുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ എന്തെങ്കിലും ചെയ്യണമെന്ന് ഇരു ഏജന്‍സികളും തീരുമാനിച്ചു. സ്ഥിരതയുള്ള കോണ്‍ഗ്രസ് സര്‍ക്കാരോ കോണ്‍ഗ്രസ് നയിക്കുന്ന സഖ്യ സര്‍ക്കാരോ അധികാരത്തില്‍ വന്നാല്‍ അവര്‍ക്ക് ഇന്ത്യയില്‍ ഇടപെടാനും അവരുടെ നയങ്ങള്‍ നടപ്പിലാക്കാനും കഴിയില്ലായിരുന്നുവെന്നും കേത്കര്‍ ആരോപിച്ചു. അവര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനെയാണ് ഏജന്‍സികള്‍ ഇഷ്ടപ്പെടുന്നതെന്നും ഇവിടെ ഭൂരിപക്ഷ സര്‍ക്കാരുണ്ടായിരിക്കണമെന്നും അത് പക്ഷേ, കോണ്‍ഗ്രസ് ആയിരിക്കരുതെന്ന് അവര്‍ ആഗ്രഹിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനങ്ങളെയും മണ്ഡലങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ മൊസാദ് തയ്യാറാക്കിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, കേത്കറിന്റെ ആരോപണങ്ങളെയും അവകാശവാദങ്ങളെയും ബിജെപി തള്ളി. മൊസാദും സിഐഎയും ബിജെപിയെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിക്കുന്നില്ലെന്ന് ബിജെപി എംപി സംബിത് പത്ര പറഞ്ഞു. 2014-ലെ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് ഉറങ്ങുകയായിരുന്നോ എന്നും സംബിത് പത്ര ചോദിച്ചു. മൊസാദോ സിഐഎയോ അല്ല ബിജെപിയെ വിജയിക്കാന്‍ സഹായിച്ചത്. ഈ രാജ്യത്തെ ജനങ്ങളാണ് വോട്ട് ചെയ്ത് തങ്ങളെ ജയിപ്പിച്ചതെന്നും പത്ര പറഞ്ഞു. ഐഎസ്ഐയുടെ അജണ്ടയിലാണ് കോൺഗ്രസ് പാർട്ടി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
