വോട്ടർമാർക്കുള്ള വാഗ്ദാനം
ഗോവൻ ജനത വിധിയെഴുതാൻ ഇനി രണ്ടുമാസത്തിൽ താഴെ മാത്രമേ സമയം ഉള്ളുവെന്നതിനാൽ തെരെഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു കഴിഞ്ഞു. ഘട്ടം ഘട്ടമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തുടങ്ങിയ രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വോട്ടർമാർക്ക് മുന്നിൽ വച്ചു തുടങ്ങി.ഇത്തവണ കോൺഗ്രസ് നൽകുന്ന വാഗ്ദാനങ്ങളിൽ ഒന്ന് കാലുമാറ്റക്കാരെ പാർട്ടിക്ക് വേണ്ട എന്നാണ്. ഒരിക്കൽ കൂറുമാറിയവരെ കോൺഗ്രസിലേക്ക് മടങ്ങി വരാൻ അനുവദിക്കില്ല, കൂറുമാറുന്ന പതിവ് എന്നെന്നേക്കുമായി അവസാനിപ്പിക്കും. ഇങ്ങനെ പോകുന്നു വാഗ്ദാനങ്ങൾ. വോട്ടർമാർ ഒരു പാർട്ടി ചിഹ്നത്തിൽ ജനപ്രതിനിധിയെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ, അധികാരത്തിനുവേണ്ടി മാത്രം അവർ പാർട്ടി മാറുന്നത് ശരിയല്ലെന്നും അതു വോട്ടർമാരോടുള്ള വഞ്ചനയാണെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു. അതുകൊണ്ടാണ് ധീരമായ ഈ തീരുമാനം കൈകൊണ്ടതെന്നാണ് പാർട്ടി വിശദീകരണം.
advertisement
കോൺഗ്രസിന്റെ നഷ്ടം
ഇങ്ങനെയൊരു നിലപാടെടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ച ഘടകം കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഉണ്ടായ തിരിച്ചടിയാണ്. 2017 ൽ 40 അംഗ നിയമസഭയിലേക്കു നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ 17 സീറ്റുമായി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. പക്ഷെ സർക്കാർ ഉണ്ടാക്കിയത് 13 അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന ബിജെപി. പിന്നാലെ അംഗങ്ങൾ കൂറുമാറി തുടങ്ങി. ചിലർ ബിജെപിയായപ്പോൾ ചിലർ തൃണമൂലിൽ ചേർന്നു.ഇപ്പോൾ രണ്ടു എംഎൽഎമാർ മാത്രമാണ് കോൺഗ്രസിന് ഉള്ളത്. മുൻമുഖ്യമന്ത്രിമാരായ പ്രതാപ് സിംഗ് റാണെയും ദിഗംബർ കാമത്തും
ബിജെപി എംഎൽഎ കോൺഗ്രസിൽ
കൂറുമാറ്റം ഇല്ലാതാക്കുമെന്ന് കോൺഗ്രസ് പറയുമ്പോഴും ഏറ്റവും ഒടുവിൽ ഒരു എംഎൽഎ മറുകണ്ടം ചാടിയത് കോൺഗ്രസ്സിലേക്കാണ്. വാസ്കോ മണ്ഡലത്തിലെ എംഎൽഎയും ബിജെപി നേതാവുമായ കാർലോസ് അൽമെയ്ഡയാണ് കോൺഗ്രസ് പാളയത്തിൽ എത്തിയത്. മനോഹർ പരീഖറിന്റെ കാലത്തെ ബിജെപി അല്ല ഇപ്പോഴത്തെതെന്നാണ് രാജിക്ക് കാരണമായി കാർലോസ് അൽമെയ്ഡ പറയുന്നത്. അൽമെയ്ഡ കോൺഗ്രസിൽ ചേർന്നത് മറ്റു കൂറുമാറ്റങ്ങളുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
സർക്കാരുകൾ വീണ ചരിത്രം
അംഗങ്ങളുടെ കൂറുമാറ്റം കൊണ്ട് സർക്കാരുകൾ വീണ ചരിത്രം ഗോവയ്ക്ക് ഉണ്ട്. 1999ൽ 21 സീറ്റുകളുമായി നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ ലൂസിഞ്ഞോ ഫലേരിയോയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഭരണത്തിലിരുന്നത് അഞ്ചു മാസത്തിൽ താഴെ മാത്രം. മുഖ്യമന്ത്രി മോഹമുണ്ടായിരുന്ന ഫ്രാൻസിസ്കോ സാർദീനയുടെ നേതൃത്വത്തിൽ പത്തു എംഎൽഎമാർ പാർട്ടി പിളർത്തുകയും ബിജെപി പിന്തുണയോടെ സർക്കാർ ഉണ്ടാക്കുകയും ചെയ്തു. എന്നാൽ ഈ സർക്കാരിനും ആയുസ് പതിനൊന്നു മാസം മാത്രമായിരുന്നു. കോൺഗ്രസ് നേതാവും അന്നത്തെ പ്രതിപക്ഷ നേതാവുമായ രവി നായിക് പത്തു എംഎൽഎമാരുമായി ബിജെപിയിൽ ചേർന്നത്തോടെ 2000 ഒക്ടോബറിൽ മനോഹർ പരീഖറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ബിജെപി സർക്കാർ അധികാരത്തിൽ വന്നു. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയ രവി നായിക് ഈമാസം ആദ്യം ബിജെപിയിലേക്ക് മടങ്ങി.
Also Read- Congress Flag| കോൺഗ്രസ് പതാക പൊട്ടിവീണു; പാർട്ടി സ്ഥാപക ദിനാഘോഷത്തില്‍ കല്ലുകടി; ക്ഷുഭിതയായി സോണിയ
സർക്കാരിനെ വീഴ്ത്തിയ ചരിത്രം കോൺഗ്രസിനും
1991 ൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ പിന്തുണയോടെ പ്രോഗ്രസ്സീവ് ഡെമോക്രറ്റിക് ഫ്രണ്ട് ആയിരുന്നു ഗോവ ഭരിച്ചിരുന്നത്. ലൂയിസ് പ്രോട്ടോ ബാർബോസ ആയിരുന്നു മുഖ്യമന്ത്രി. അന്നു സർക്കാരിനെ വീഴ്ത്താൻ കോൺഗ്രസ് കൂട്ടുപിടിച്ചത് രവി നായിക്കിനെ. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി എംഎൽഎയായിരുന്നു അപ്പോൾ നായിക്. ആറു എംഎൽഎമാരെയും കൂടെ കൂട്ടി നായിക് എത്തിയപ്പോൾ പാർട്ടി അംഗത്വം മാത്രമല്ല മുഖ്യമന്ത്രി സ്ഥാനവും നൽകി കോൺഗ്രസ്. ഇപ്പോൾ കൂറുമാറി എത്തുന്നവരെ സ്വീക്കരിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിൽ ഈ നിലപാടുമായി കോൺഗ്രസിന് എത്രകാലം മുന്നോട്ടുപോകുമെന്ന് കാത്തിരുന്നു കാണാം.