''പരാതിക്കാരി ലൈംഗിക ബന്ധത്തിനുള്ള സമ്മതം നല്‍കിയിട്ടുണ്ടെങ്കില്‍ പോലും ആ സമ്മതത്തെ അവരുടെ വീഡിയോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവയ്ക്കുന്നതിനുള്ള സമ്മതമായി വ്യാഖ്യാനിക്കാന്‍ കഴിയില്ല. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സമ്മതം ഒരു വ്യക്തിയുടെ സ്വകാര്യ നിമിഷം പകര്‍ത്തി അത് ദുരുപയോഗം ചെയ്യുന്നതിനോ ചൂഷണം ചെയ്യുന്നതിനോ അല്ലെങ്കില്‍ അനുചിതവും അവഹേളിക്കുന്ന രീതിയിലും അവ ചിത്രീകരിക്കുന്നതിനോ ഉള്ള അനുമതിയായും കണക്കാക്കാനാവില്ല,'' ജനുവരി 17 പുറപ്പെടുവിച്ച വിധി ന്യായത്തില്‍ കോടതി പറഞ്ഞു.
താന്‍ പരാതിക്കാരിക്ക് നല്‍കിയ വായ്പ തിരികെ നല്‍കാന്‍ കഴിയാത്തതിനാല്‍ ''ദീര്‍ഘകാലമായുള്ള സൗഹൃദബന്ധം'' വഷളാകുകയായിരുന്നുവെന്ന് പ്രതി കോടതിയെ അറിയിച്ചു. എന്നാൽ കേസില്‍ യാതൊരുവിധത്തിലുമുള്ള ഇളവും നല്‍കുകയില്ലെന്ന് കോടതി പ്രതിയെ അറിയിച്ചു. ആദ്യത്തെ ലൈംഗിക ബന്ധം ഇരുവരുടെയും സമ്മതത്തോടെയാണെങ്കിലും പ്രതിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തികള്‍ ഭീഷണിപ്പെടുത്തലിലും ബലപ്രയോഗത്തിലും വേരൂന്നിയതാണെന്ന് കോടതി പറഞ്ഞു.
advertisement
''ആദ്യ ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരിക്കാമെങ്കിലും തുടര്‍ന്നുള്ളവ ഭീഷണിപ്പെടുത്തിയാണെന്ന് ഇര ആരോപിക്കുന്നു. ഇരയെ ഭീഷണിപ്പെടുത്താന്‍ പ്രതി വീഡിയോകള്‍ ഉപയോഗിച്ചു. വീഡിയോകള്‍ തയ്യാറാക്കുന്നതിലും അവ ഉപയോഗിച്ച് പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്യാനും പ്രതി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദുരുപയോഗത്തെയും ചൂഷണത്തെയും പ്രതിഫലിപ്പിക്കുന്നു. ഇത് ആദ്യത്തെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സമ്മതം മറികടന്നുള്ളതാണ്,'' കോടതി വ്യക്തമാക്കി.
വായ്പാ ഇടപാടിന്റെ മറവില്‍ പ്രതി തന്റെ ബന്ധം ചൂഷണം ചെയ്തതായാണ് പ്രഥമദൃഷ്ടാ തോന്നുന്നത്. എന്നാല്‍ അത്തരത്തില്‍ ചെയ്യുന്നത്-സുഹൃത്തുകള്‍ക്കിടയിലാണെങ്കില്‍ പോലും-ഒരു കക്ഷിക്ക് മറ്റേയാളുടെ ദൗര്‍ബല്യത്തെയോ അന്തസ്സിനെയോ ചൂഷണം ചെയ്യാനുള്ള അനുമതി നല്‍കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവാഹിതയായ സ്ത്രീക്ക് അവരുടെ പ്രവര്‍ത്തികളുടെ പ്രധാന്യം മനസ്സിലാക്കാന്‍ പക്വതയുണ്ടെന്ന പ്രതിയുടെ വാദവും കോടതി അംഗീകരിച്ചില്ല. കൂടാതെ, ആരോപണങ്ങളുടെ ഗൗരവം കുറയ്ക്കുന്നതിന് അവരുടെ വൈവാഹിക നിലയും പ്രൊഫഷണല്‍ പശ്ചാത്തലവും ആയുധമാക്കാനുള്ള ശ്രമം സ്വീകാര്യമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പരാതിക്കാരി ഒരു മസാജ് പാര്‍ലറില്‍ ജോലി ചെയ്തിരുന്നുവെന്ന വസ്തുത അവര്‍ക്കെതിരേ നടത്തിയ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഗൗരവം കുറയ്ക്കാന്‍ ഉപയോഗിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, പ്രതി തന്നെ വശീകരിച്ച് ഒരു കോഴ്‌സില്‍ ചേരുന്നതിനായി 3.5 ലക്ഷം രൂപ വായ്പ നല്‍കിയെന്നും എന്നാല്‍ പിന്നീട് ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു.
2023 അവസാനം പ്രതി ഡല്‍ഹിയിലെത്തി അയാളുടെ ഫോണില്‍ പകര്‍ത്തിയ തന്റെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി രണ്ട് ദിവസം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി പരാതിക്കാരി പറഞ്ഞു. ഇതിന് പുറമെ വീഡിയോകള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചു.
ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രതി ഇരയുടെ സ്വകാര്യ വീഡിയോ പോസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.