1949 നവംബര്‍ 26-ന് അംഗീകരിച്ച ഭരണഘടന, ഇന്ത്യയെ സ്വതന്ത്രവും ജനാധിപത്യവും സമത്വ മൂല്യങ്ങളിലുള്ള റിപ്പബ്ലിക്കാക്കി തീര്‍ത്തു.ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശം ഉറപ്പുനല്‍കി. എന്നാൽ 66 വർഷത്തിനു ശേഷം ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി ബി ആര്‍ അംബേദ്കറുടെ തുല്യതാ പ്രതിമയുടെ തറക്കല്ലിടല്‍ ചടങ്ങിനിടെ 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നവംബര്‍ 26 ഭരണഘടനാ ദിനമായി പ്രഖ്യാപിച്ചത്.
സ്വാതന്ത്ര്യത്തിനു മുമ്പ് 1946ൽ രൂപം കൊണ്ട ഭരണഘടനാ നിര്‍മാണണസഭ രണ്ടുവര്‍ഷവും 11 മാസവും 18 ദിവസവും എടുത്താണ് മുന്നോട്ടുള്ള രാജ്യത്തിന്റെ കുതിപ്പിന്റെ അടിസ്ഥാനമായ ഈ ദൗത്യം പൂര്‍ത്തീകരിച്ചത്. 1949 നവംബര്‍ 26 ന് ഭരണഘടനയുടെ പതിപ്പ് അംഗീകരിച്ചു.1950 ജനുവരി 24 ന് ഭരണഘടനയില്‍ സഭയുടെ അംഗങ്ങള്‍ ഒപ്പുവെച്ചു. തുടര്‍ന്ന് 1950 ജനുവരി 26 ന് ഭരണഘടന പ്രാബല്യത്തില്‍ വരികയും ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കാകുയും ചെയ്തു.
advertisement
ഇന്ത്യ ഇന്ന് ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നതിന്റെ പ്രധാന കാരണമായ ഈ ഭരണഘടന തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന. 448 അനുച്ഛേദങ്ങളും 12 പട്ടികകളും അതിൽ ഉൾപ്പെടുന്നു. പ്രേം ബിഹാരി നാരായൺ റൈസാദ ആണ് ഭരണഘടനയുടെ ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള പകർപ്പുകൾ കൈകൊണ്ട് എഴുതിയത്. ഏകദേശം ആറ് മാസത്തിനുള്ളിൽ അദ്ദേഹം അത് ഒരു വ്യതിരിക്തമായ കാലിഗ്രാഫി ശൈലിയിൽ തയ്യാറാക്കി. ആചാര്യ നന്ദലാൽ ബോസ് ആണ് ഭരണഘടനയുടെ ഓരോ പേജും മനോഹരമായ ചിത്രങ്ങളാൽ അലങ്കരിച്ചത്. അദ്ദേഹത്തിന്റെ ശിഷ്യനായ റാം മനോഹർ സിൻഹയാണ് ആമുഖ പേജ് രൂപകൽപ്പന ചെയ്തത്.
ലോകം യുദ്ധങ്ങളും പ്രത്യയശാസ്ത്ര സംഘര്‍ഷങ്ങളും കൊണ്ട് കലുഷിതമാകുമ്പോള്‍, ഇന്ത്യയിലെ ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്നതില്‍ ഭരണഘടന വലിയ പങ്കുവഹിക്കുന്നു. 'വസുധൈവ കുടുംബകം' എന്ന ആശയം പ്രതിഫലിപ്പിക്കുന്ന സമത്വവും നീതിയും സുരക്ഷയുമാണ് നമ്മുടെ ഭരണഘടനയുടെ അടിത്തറ. അതുകൊണ്ടാണ് വിവിധ ധ്രുവീകരണങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമിടയില്‍ രാജ്യം സ്ഥിരതയോടെ മുന്നേറുന്നത്. രാജ്യത്തിന്റെ ഭരണകൂടം ഭരണഘടനയുടെ ആത്മാവിനെ അടിസ്ഥാനമാക്കി ജനങ്ങളുടെ ക്ഷേമവും സമാധാനവും ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ഇന്ത്യൻ ഭരണഘടനയിൽ പൗരന്മാരുടെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്ന 6 മൗലികാവകാശങ്ങളും കടമകളും, ഭരണത്തിന്റെ ഘടന, ജുഡീഷ്യറി, നിയമനിർമ്മാണസഭ, എക്സിക്യൂട്ടീവ് എന്നിവ തമ്മിലുള്ള അധികാര വിഭജനം എന്നിവ ഉൾപ്പെടുന്നു. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥ നടത്തുന്നതിനുള്ള നിയമങ്ങൾ ഇത് നൽകുന്നു.
അന്താരാഷ്ട്ര വേദികളിലും ഈ ഭരണഘടനയുടെ ശക്തിയാണ് ഇന്ത്യയെ ഒരു സ്വതന്ത്ര ശബ്ദമാക്കി മാറ്റിയത്.''ഇന്ത്യ ഇന്ന് ലോക സമാധാനത്തിന്റെയും സുരക്ഷയുടെയും ശബ്ദമാണ്'' എന്ന വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുടെ വാക്കുകള്‍ ഭരണഘടന നല്‍കിയ സ്വതന്ത്ര നിലപാടിന്റെയും മൂല്യാധിഷ്ടിത നയതന്ത്രത്തിന്റെയും പ്രതിഫലനമാണ്.അടിമത്ത രാഷ്ട്രത്തില്‍ നിന്ന് ആഗോള സമാധാന ശക്തിയായി ഇന്ത്യ ഉയര്‍ന്നത് ഭരണഘടന പകര്‍ന്ന മൂല്യങ്ങളുടേയും ദര്‍ശനത്തിന്റേയും ഫലമാണ്.
