ദേശീയ സമഗ്രത, സദ്ഭരണം, പൊതുസേവനം എന്നിവയോടുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ അചഞ്ചലമായ പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ ഗുജറാത്തിലെ ഏകതാ നഗറിലെ ഏകതാ പ്രതിമയിൽ പ്രധാനമന്ത്രി മോദി പുഷ്പാർച്ചന നടത്തി. ഏകീകൃതവും സ്വാശ്രയവുമായ ഇന്ത്യയെക്കുറിച്ചുള്ള സർദാർ പട്ടേലിന്റെ ദർശനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിലെക്കും രാജ്യത്തിന്റെ പുരോഗതിയെയും തുടർന്നും നയിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
advertisement
"സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജയന്തി ദിനത്തിൽ ഇന്ത്യ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു. ഇന്ത്യയുടെ ഏകീകരണത്തിന് പിന്നിലെ പ്രേരകശക്തിയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തിന്റെ രൂപീകരണ വർഷങ്ങളിൽ അദ്ദേഹം അതിന്റെ വിധി രൂപപ്പെടുത്തി. ദേശീയ സമഗ്രത, സദ്ഭരണം, പൊതുസേവനം എന്നിവയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുന്നു. ഏകീകൃതവും ശക്തവും സ്വാശ്രയവുമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയവും ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു" എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി എഴുതി.
സ്വാതന്ത്ര്യാനന്തരം രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ പട്ടേലിന്റെ നിർണായക പങ്കിനെ അനുസ്മരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യ തലസ്ഥാനത്തെ സർദാർ പട്ടേൽ ചൗക്കിൽ പട്ടേലിന് പുഷ്പാർച്ചന നടത്തി. "ദേശീയ ഐക്യത്തിന്റെ പ്രതീകം" എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സർദാർ വല്ലഭായ് പട്ടേലിനെ വിശേഷിപ്പിച്ചത്.

