ഒക്ടോബർ 16ന് ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗർ ജില്ലയിലെ ദുമാരിയഗഞ്ചിലെ ധൻഖർപൂർ ഗ്രാമത്തിൽ നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് സിംഗ് വിവാദ പരാമർശം നടത്തിയത്. ഇതിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ശ്രദ്ധ നേടിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
"ഒരു ഹിന്ദു പെൺകുട്ടി ഒരു മുസ്ലീം പുരുഷനോടൊപ്പം പോയാൽ അത് മുഴുവൻ ഹിന്ദു സമൂഹത്തിന് അപമാനമല്ലേ? രണ്ട് പേർ പോയിട്ടുണ്ടെങ്കിൽ രണ്ട് പേരെ കൊണ്ടുവന്നാൽ പോരാ, കുറഞ്ഞത് പത്ത് മുസ്ലീം പെൺകുട്ടികളെയെങ്കിലും കൊണ്ടുവന്ന് ഹിന്ദുക്കളാക്കുക. വിവാഹത്തിന്റെ എല്ലാ ചെലവുകളും ഞങ്ങൾ വഹിക്കും. ആവശ്യമായ സുരക്ഷ നൽകും. സുഖകരമായ ജീവിതത്തിനായി ജോലിയും നൽകും," സിംഗ് പറഞ്ഞു.
advertisement
യുപിയിലെ മുൻ സർക്കാരുകളുടെ കാലത്ത് ഹിന്ദുക്കൾ ഭയത്തിലാണ് ജീവിച്ചിരുന്നതെന്നും എന്നാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിന്റെ കീഴിൽ ആരും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വർഗീയതയും ജാതീയതയും നിറഞ്ഞ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി എടുക്കണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു.
മുസ്ലീം പെൺകുട്ടികളെ കൊണ്ടുവന്ന് ജോലി നേടുക എന്നതും യുപി, ഉത്തരാഖണ്ഡ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവടങ്ങളിൽ മതപരിവർത്തനം, ലവ് ജിഹാദ് എന്നിവയുടെ പേരിൽ വർഗീയതയും ജാതീയതയും നിറഞ്ഞ വിദ്വേഷം, അരാജകത്വം, അശാന്തി എന്നിവ പ്രചരിപ്പിക്കുന്ന ഘടകങ്ങൾക്കെതിരേയും നടപടിയെടുക്കണം. വിദ്വേഷം നിറഞ്ഞ ഇത്തരം പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ മായാവതി പറഞ്ഞു. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും പ്രതാപ് സിംഗിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. എംഎൽഎയുടെ പരാമർശം ലജ്ജാകരമാണെന്ന് കോൺഗ്രസ് വിമർശിച്ചു. ബിജെപി വിദ്വേഷം പ്രചരിപ്പിക്കുകയും സമൂഹത്തെ മതപരമായി വിഭജിക്കുകയും ചെയ്യുകയാണെന്ന് അവർ ആരോപിച്ചു.
മുൻ എംഎൽഎയുടെ പ്രസ്താവന സഹിഷ്ണുതയ്ക്കപ്പുറമുള്ളതും സ്ത്രീവിരുദ്ധവുമാണെന്ന് സമാജ്‌വാദി പാർട്ടി എംഎൽഎ സയാദ ഖാട്ടൂൺ പറഞ്ഞു. സിംഗിനെതിരേ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. "ഇത് ഒരു പ്രത്യേക മതത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ്. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരിക്കാം. പക്ഷേ സ്ത്രീകൾക്കെതിരായ അത്തരം പരാമർശങ്ങൾ ശരിക്കും അപമാനകരമാണ്," സയാദ പറഞ്ഞു.
അതേസമയം, വിവാദപരാമർശത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകർക്ക് നേരെ പ്രതാപ് സിംഗ് തട്ടിക്കയറുകയും താൻ മുമ്പ് നടത്തിയ പരാമർശങ്ങൾ ആവർത്തിക്കുകയും ചെയ്തു.
