തുടർച്ചയായി ഭരണത്തിലിരുന്ന ബംഗാളിലും ത്രിപുരയിലും പാർട്ടി അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസിന് ശേഷം ബംഗാളിൽ 48,096 അംഗങ്ങളും ത്രിപുരയിൽ 47,378 അംഗങ്ങളുമാണ് കൊഴിഞ്ഞുപോയത്. ഭരണകൂടത്തിന്റെ അടിച്ചമർത്തലും വേട്ടയാടലുമാണ് അംഗബലം കുറയാൻ കാരണമായി പറയുന്നത്.
കേരളത്തിലെ പാർട്ടി അംഗങ്ങൾ 4,63,472ല്‍നിന്നു 5,27,174 ആയി വർധിച്ചു. പശ്ചിമ ബംഗാളിൽ 2,08,923 അംഗങ്ങളുണ്ടായിരുന്നത് 1,60,827 ആയി. ത്രിപുരയിലെ അംഗങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. 97,990 അംഗങ്ങളുണ്ടായിരുന്ന ത്രിപുരയിൽ ഇപ്പോഴുള്ളത് 50,612 പേർ. അസം, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ചത്തീസ്ഗഡ്, ഒഡീഷ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അംഗങ്ങളുടെ എണ്ണം കുറഞ്ഞു. തെലങ്കാനയിൽ 2993 അംഗങ്ങളുടെയും ആന്ധ്രയിൽ 3436 അംഗങ്ങളുടെയും കുറവുണ്ടായി. പാർട്ടിക്ക് ഏറ്റവും കുറവ് അംഗങ്ങളുള്ള സംസ്ഥാനം ഗോവയാണ്. അവിടെ ആകെയുള്ള അംഗങ്ങൾ 51ൽ 45 ആയി കുറഞ്ഞു. ചില സംസ്ഥാനങ്ങളിൽ അംഗസംഖ്യയിൽ നേരിയ വർധനയുണ്ടായി.
advertisement
അംഗങ്ങളുടെ ഗുണനിലവാരം കുറയുന്നതായും റിപ്പോർട്ടിൽ പറയുന്നു. അംഗത്വം പുതുക്കുമ്പോൾ നിഷ്കർഷിക്കേണ്ട കാര്യങ്ങൾ കർശനമായി പിന്തുടരുന്നത് കേരളം, ബംഗാൾ, ത്രിപുര, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾ മാത്രമാണ്. മറ്റു സ്ഥലങ്ങളിൽ കൊൽക്കത്ത പ്ലീനം അംഗീകരിച്ച കർശനമായ വിലയിരുത്തലുകൾ നടക്കുന്നില്ലെന്നാണ് റിപ്പോർട്ടിലെ വിമർശനം.
Also Read- BJP സർക്കാർ ഫാസിസ്റ്റുകൾ അല്ലെന്ന CPM പാർട്ടി കോൺഗ്രസ് നിലപാട് അപകടകരം: പി കെ ഫിറോസ്
ബംഗാളിലെ ആകെയുള്ള 1,60,827 അംഗങ്ങളിൽ 35 ശതമാനം നിഷ്ക്രിയരാണ്. ത്രിപുരയിൽ 42 ശതമാനം അംഗങ്ങൾ മാത്രമേ പാർട്ടി യോഗങ്ങളിലും സമരങ്ങളിലും പങ്കെടുക്കുന്നുള്ളൂ. ഇരുസംസ്ഥാനങ്ങളിലും പാർട്ടി അംഗത്വത്തിലേക്ക് വരുന്ന യുവാക്കളുടെ എണ്ണം കുറഞ്ഞു. കേരളത്തിലും ജാർഖണ്ഡിലുമാണ് യുവാക്കൾ കൂടുതലായി പാർട്ടിയിലേക്ക് എത്തുന്നത്.
തൊഴിലാളികളും കർഷകരും അകന്നു
ഒരു ലക്ഷത്തിലേറെ തൊഴിലാളികളാണ് ബംഗാളിൽ പാർട്ടിയിൽ നിന്ന് അകന്നതെങ്കിൽ ത്രിപുരയിലത് 88,567 ആണ്. അവിടെ 3.48 ലക്ഷം കർഷകർ പാർട്ടിയുമായുള്ള ബന്ധം വിട്ടു. ബംഗാളിൽ 12.5 ലക്ഷത്തോളം കർഷകരാണ് പാർട്ടിയിൽ നിന്ന് അകന്നത്. അവിടെ 2.36 ലക്ഷം കർഷക തൊഴിലാളികളുടെ പിന്തുണ പാർട്ടിക്ക് ഇല്ലാതായി. ത്രിപുരയിലത് ഒന്നര ലക്ഷത്തിലേറെയാണ്.
പാർട്ടി അംഗങ്ങളുടെ എണ്ണം (ബ്രാക്കറ്റിൽ 2017ലെ കണക്ക്)
ആന്ധ്ര- 23,130 (50000)
കർണാടക- 8052 (9190)
തമിഴ്നാട്- 93,982 (93780)
മഹാരാഷ്ട്ര- 12,807(12,458)
ബിഹാർ- 19,400 (18,590)
ഗുജറാത്ത്– 3724 (3718)
ഹിമാചൽപ്രദേശ്- 2205 (2016)
പഞ്ചാബ്- 8389 (7693)
രാജസ്ഥാൻ- 5218 (4707)
ഡൽഹി- 2213 (2023)
തെലങ്കാന- 32,177 (35,170)
