ഇരു സംസ്ഥാനങ്ങളിലെയും അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഒഡീഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലാണ് ദാന ചുഴലികാറ്റ് കര തൊട്ടത്. ഒഡീഷയിൽ കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍ മുതല്‍ 110 കിലോമീറ്റര്‍ വരെയാണ്. ഇതുവരെയും വലിയ അപകടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ പതിനൊന്നരയോടെ ദാന ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. ഒഡീഷയിൽ അതീവ ജാഗ്രതാ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളെയും ദാന ചുഴലിക്കാറ്റ് ബാധിച്ചു. ഇന്നലെ വൈകീട്ട് മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
advertisement
സംസ്ഥാനത്തെ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അറിയിച്ചു. സംസ്ഥാനത്തിന്റെ തയ്യാറെടുപ്പുകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത്ഷായും വിവരങ്ങള്‍ തേടിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.