ഇതിനിടെ നേർക്കുൻട്രം വിഐടിക്കു സമീപം റോഡിൽ മുതലയെ കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാഹനങ്ങൾ ഓടുന്ന റോഡിലൂടെ ഒരു മുതല മറുവശത്തേക്കു പോകുന്നതാണ് വിഡിയോയിലുള്ളത്. കാറിൽനിന്ന് ആരോ പകർത്തിയ ദൃശ്യമാണിത്. ഈ സമയത്ത് ഒരു ബൈക്ക് മുതലയുടെ സമീപത്തുകൂടി പോകുന്നതും കാണാം.
advertisement
കനത്ത മഴയെത്തുടർന്ന് ചെന്നൈ നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ, ജനജീവിതം താറുമാറായി. വടപളനി, താംബരം ഉൾപ്പെടെ മിക്കയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. കനത്ത മഴയെ തുടർന്ന് ചെന്നൈ നെടുങ്കുൻട്രം നദി കരകവിഞ്ഞു. ഇതേത്തുടർന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വെള്ളക്കെട്ടുകളിൽ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.
സബ്‌വേകളും അടിപ്പാലങ്ങളും വെള്ളത്തിൽ മുങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. പലയിടങ്ങളിലും വൈദ്യുതിയും നിലച്ചു. മഹാബലിപുരം ബീച്ചിൽ കടൽനിരപ്പ് അഞ്ച് അടിയോളം ഉയർന്നു. പുതുച്ചേരി ബീച്ച് റോഡിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ചെന്നൈ ഉൾപ്പെടെ ആറു ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയിൽ നിന്ന് 110 കിലോമീറ്റർ അകലെയായാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്. വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ ഡിസംബർ 5ന് രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മുൻകരുതലായി ചെന്നൈ അടക്കമുള്ള നാല് ജില്ലകളിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിരിക്കയാണ്. സ്വകാര്യസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്
