അതേസമയം, ചെന്നൈയിൽ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതവും തുടരുകയാണ്. ഡാമുകൾ തുറന്നിരിക്കുന്നതിനാൽ നഗരത്തിൽ നിന്ന് വെള്ളം ഇറങ്ങുന്നില്ല. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ ജില്ലകൾക്ക് ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ ട്രെയിന്‍ സർവീസുകൾ റദ്ദാക്കി. റൺവേ വെള്ളക്കെട്ടിൽ മുങ്ങിയതിനാൽ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നുരാവിലെ 9 വരെ നിർത്തിവച്ചു.
അഞ്ച് പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ പേമാരിയിൽ ചെന്നൈ നഗരം വൻ ജലാശയമായി മാറി. കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ തുടങ്ങിയ സമീപ ജില്ലകളിലും ജനജീവിതം താറുമാറായി. വൈദ്യുതാഘാതമേറ്റ് രണ്ടു പേരും മരം വീണ് ഒരാളുമുൾപ്പെടെ 5 പേർ മരിച്ചു. ആയിരത്തിലേറെ പേരെ ക്യാംപുകളിലേക്കു മാറ്റി. ഇന്നലെ ഉച്ചവരെ 34 സെമീ മഴയാണ് ചെന്നൈ നഗരത്തിൽ പെയ്തത്. 2015 ലെ പ്രളയത്തിന് ഇടയാക്കിയത് 33 സെമീ മഴയായിരുന്നു.
advertisement
ഈസ്റ്റ് കോസ്റ്റ് റോഡിൽ കാനത്തൂരിൽ പുതുതായി നിർമിച്ച മതിൽ കാറ്റിൽ തകർന്നുവീണാണ് രണ്ടുപേർ മരിച്ചത്. മറ്റൊരാൾക്ക് പരിക്കുണ്ട്. ഝാർഖണ്ഡ് സ്വദേശികളായ ശൈഖ് അഫ്രാജ്, മുഹമ്മദ് തൗഫീഖ് എന്നിവരാണ് മരിച്ചത്. വേളാച്ചേരിയിൽ കെട്ടിടം തകർന്നുവീണ് മൂന്നുപേർ മരിച്ചു.
കനത്തമഴയുണ്ടാവുമെന്ന മുന്നറിയിപ്പ് 10 ദിവസം മുമ്പുതന്നെ ലഭിച്ചിരുന്നെങ്കിലും കുറഞ്ഞസമയംകൊണ്ട് പ്രതീക്ഷിച്ചതിലും വലിയമഴ പെയ്തതോടെ അധികൃതരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. പ്രളയജലം നീക്കംചെയ്യുന്നതിന് കോടികൾ മുടക്കി തമിഴ്‌നാട് സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ നിഷ്‌ഫലമാക്കിക്കൊണ്ട് നേരംവെളുക്കുമ്പോഴേക്കും നഗരം വെള്ളത്തിൽ മുങ്ങി. നഗരപാതകളിലെല്ലാം മൂന്നടിയിലേറെ ഉയരത്തിൽ വെള്ളം കെട്ടിനിൽക്കുകയാണ്. അപകടമൊഴിവാക്കുന്നിനായി രാത്രിതന്നെ വൈദ്യുതിവിതരണം നിർത്തിവെച്ചിരുന്നു. അതോടെ, ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങളും തടസ്സപ്പെട്ട് ജനങ്ങൾ ഒറ്റെപ്പെട്ടു.
വ്യാസർപാടിക്കും ബേസിൻ ബ്രിഡ്ജിനുമിടയിൽ പാളത്തിൽ അപകടകരമായ തോതിൽ വെള്ളം പൊങ്ങിയതുകാരണം ചെന്നൈയിൽനിന്നുള്ള തീവണ്ടിഗതാഗതവും തടസ്സപ്പെട്ടു. ചെന്നൈയിലെ സബർബൻ വണ്ടികളും സർവീസ് നടത്തിയില്ല. യാത്രക്കാരുടെ സൗകര്യത്തിനായി ഒരുമണിക്കൂർ ഇടവിട്ട് പ്രത്യേക പാസഞ്ചർ വണ്ടികൾ ഓടിക്കുമെന്നുപറഞ്ഞിരുന്നെങ്കിലും പലയിടത്തും അതും മുടങ്ങി. മെട്രോസർവീസുകൾ റദ്ദാക്കിയില്ലെങ്കിലും സ്റ്റേഷനുകളിൽ വെള്ളക്കെട്ടുണ്ടായത് യാത്രക്കാരെ വലച്ചു.
സ്വകാര്യസ്ഥാപനങ്ങൾക്കും കോടതികൾക്കും ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും ചൊവ്വാഴ്ചയും അവധിയാണ്.